എല്ലാ തൊഴിലിടങ്ങളിലും സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുണ്ടാവണം: കേരള മഹിളാസംഘം
കണ്ണൂര്‍: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം സത്യസന്ധമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ ട്രിബ്യൂണൽ രൂപീകരണം ഉൾപ്പെടെ കാലതാമസം ഇല്ലാതെ സംസ്ഥാന സർക്കാർ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ ഉഷ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സത്രീസുരക്ഷ നടപ്പിലാകുന്നില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഓരോ ദിനവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷയുറപ്പാക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തേണ്ടത് അത്യാവശ്യമാണെന്നും എന്‍ ഉഷ പറഞ്ഞു.
ഡോക്ടറുടെ കൊലപാകതകേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം.സിനിമ ലോകം ക്രിമിനലുകളുടെ താവളം ആണെന്നും നിയന്ത്രിക്കുന്നത് മാഫിയ ആണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് തുറന്നു കാണിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സിനിമാ ലോകത്തെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളെല്ലാം നടപ്പിലാക്കണമെന്നും എന്‍ ഉഷ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ എം സപ്ന സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ ടി ഉഷാവതി അധ്യക്ഷയായി. സംസ്ഥാന കൗണ്‍സിലംഗം ടി സാവിത്രി സംസാരിച്ചു. പി ചന്ദ്രിക, രേഷ്മാ പരാഗന്‍, ചിത്രലേഖ എന്നിവര്‍ നേതൃത്വം നല്‍കി.