കേരളം ഈ വർഷം തന്നെ അതി ദരിദ്രരില്ലാത്ത സംസ്ഥാനമാകും : മന്ത്രി കെ രാധാകൃഷ്ണൻ

klhguig

മയ്യിൽ : കേരളം ഈ വർഷം തന്നെ അതി ദരിദ്രരില്ലാത്ത സംസ്ഥാനം എന്ന ചരിത്ര നേട്ടം കൈവരിക്കുമെന്ന്  പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ്  മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച 42 വീടുകളുടെ താക്കോൽ കൈമാറൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025 നകം കേരളത്തെ അതി ദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ കണക്കെടുത്ത പ്രകാരം ഏകദേശം 48 ശതമാനം ആളുകളെ ഇപ്പോൾ തന്നെ അതി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു.

ഇനി വളരെ കുറച്ച് ആളുകൾ മാത്രമാണ് ബാക്കിയുള്ളത്.ഇവരെ കൂടി അതി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നത്തോടെ ഇന്ത്യയിൽ അതി ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും. ഈ വർഷം നവംബറോട് കൂടി തന്നെ ഈ മഹത്തായ നേട്ടം നമുക്ക് കൈവരിക്കാൻ സാധിക്കും  എന്ന് അദ്ദേഹം പറഞ്ഞു.

ഭവന രഹിതരില്ലാത്ത കേരളം എന്ന നേട്ടവും നേടാൻ നമുക്ക് സാധിക്കണം. അർഹത ഉള്ള എല്ലാവർക്കും വീട് നിർമ്മിച്ച് നൽകാനും ഭൂമി ഇല്ലാത്തവർക്ക് ഭൂമി കണ്ടെത്താൻ സഹായിക്കാനും നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കുറ്റ്യാട്ടൂർ പഞ്ചായത്തിൽ  അതിദരിദ്ര വിഭാഗത്തിൽപെട്ട നാല് പേരും പട്ടികജാതി വിഭാഗത്തിൽപെട്ട രണ്ട് പേരും പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ഒരാളും ജനറൽ വിഭാഗത്തിൽ പെട്ട 35 പേരും ഉൾപ്പെടെ 42 പേരുടെ വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്.

പഞ്ചായത്തിൽ ലൈഫ് ഗുണഭോക്താക്കളായി 103 പേരാണുള്ളത്.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത്‌ പ്രസിഡണ്ട് പി പി റെജി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് അഡ്വ റോബർട്ട്‌ ജോർജ് മുഖ്യതിഥിയായി.വി ഇ ഒ യദു മോഹൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ഇരിക്കൂർ ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി കെ മുനീർ, ബ്ലോക്ക്‌ പഞ്ചായത്തംഗം എം കെ ലിജി,കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിജിലേഷ്, സ്ഥിരം സമിതി അധ്യക്ഷരായ യു മുകുന്ദൻ, പി പ്രസീത,സെക്രട്ടറി കെ പ്രകാശൻ,ആസൂത്രണ സമിതി വൈസ് ചെയർമാൻ എ പ്രഭാകരൻ മാസ്റ്റർ, എൻ അനിൽ കുമാർ, ഉത്തമൻ വേലിക്കാത്ത്,പി കെ വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Tags