അംഗപരിമിതരുടെ അവകാശങ്ങൾക്കായി കേരള വികലാംഗ ഫെഡറേഷൻ നിയമസഭാ മാർച്ച് നടത്തും

google news
disabled

കണ്ണൂർ : അഖില കേരള വികലാംഗ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി13 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക്നിയമസഭാ മാർച്ച് നടത്തുന്നു.

 അംഗപരിമിതരുടെ പെൻഷൻ ക്ഷേമ പെൻഷനിൽ നിന്നും മാറ്റി ഡിസ്സെ ബിലിറ്റിപെൻഷൻ ആക്കി 3000 രൂപയായി വർദ്ധിപ്പിച്ച് കുടിശിക സഹിതം വിതരണം ചെയ്യുക ,സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന അംഗപരിമിതർക്ക് നൽകിവരുന്ന യാത്രാബത്ത നാലായിരം രൂപയായി വർദ്ധിപ്പിക്കുക ,നാല് ശതമാനം തൊഴിൽ സംവരണ നിരക്കിൽ നിയമനം പാലിക്കപ്പെടുക, താൽക്കാലികമായി സർക്കാർ സർവീസിൽ ജോലി ചെയ്തിട്ടുള്ള അംഗപരിമിതർക്ക് പുനർനിയമനം അനുവദിക്കുക, ലോട്ടറി തൊഴിലാളികളായ അംഗപരിമിതർക്ക് ലോട്ടറി ടിക്കറ്റ് യഥേഷ്ടം ലഭ്യമാക്കുക ,ആർ പി ഡബ്ല്യുഡി ആക്ട് പൂർണ്ണമായും നടപ്പിൽവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് കെവി മോഹനൻവാർത്താ സമ്മേളനത്തിൽ അറിയിച്ചു .

ഭിന്നശേഷിക്കാരുടെ പെൻഷൻ വിതരണം തുടങ്ങിയിട്ട് അഞ്ചുമാസമായി.1982 മുതൽ അംഗപരിമിതർക്ക് ഡിസ്സേ ബിലിറ്റി പെൻഷൻ സ്‌കീമിലായിരുന്നു പെൻഷൻ കിട്ടിയിരുന്നത്. എന്നാൽ എല്ലാവിധ പെൻഷനുകളും ഏകീകരിച്ച് 2017 മുതലാണ് ക്ഷേമപെൻഷൻ 1600 രൂപ യാക്കിയത്. 35 വർഷമായി അംഗ പരിമിതർക്ക് ലഭിച്ചുകൊണ്ടിരുന്ന മുൻഗണന സർക്കാർ പിൻവലിച്ചു.

ഇത് അംഗപരിമിതരോടു കാണിച്ച അനീതിയാണെന്ന് മോഹനൻ പറഞ്ഞു. ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു നിരവധിതവണ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും അപേക്ഷ നൽകിയിരുന്നെങ്കിലും അതിനൊന്നും ഒരു കടലാസിന്റെ വില പോലും കൽപ്പിച്ചില്ലെന്നും മോഹനൻ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ജന:സി ക്രട്ടറി എം ജെ മനോജ്, ജോ:സി ക്രട്ടറി ബാബു കൊടോളിപ്പുറം,ട്രഷറർ പി കുമാരൻ എന്നിവരും പങ്കെടുത്തു.

Tags