കർഷക ആത്മഹത്യ തടയാൻ സർക്കാർ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് കർഷക മോർച്ച
കണ്ണൂർ: കേരളത്തിൽ കഴിഞ്ഞ എട്ടു വർഷക്കാലമായി തുടർഭരണം നടത്തുന്ന ഇടതുമുന്നണി സർക്കാർ കർഷകരെയും കർഷക തൊഴിലാളികളെയും വഞ്ചിക്കുകയും പട്ടിണിക്കിടുകയും ചെയ്യുകയാണെന്ന് കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. വിപിൻ. ഈ വിഭാഗത്തെ സംരക്ഷിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ കർഷകർ അനുദിനം ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും ആത്മഹത്യ തടയാൻ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷക മോർച്ച കണ്ണൂർ ജില്ലാ മെമ്പർഷിപ്പ് ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷികാവശ്യങ്ങൾക്ക് ബാങ്കുകളിൽ നിന്നും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കൃഷി ചെയ്ത കർഷകർ വിളകൾക്ക് വിലയില്ലാത്തതും പ്രകൃതിക്ഷോഭം മൂലം വിളകൾ നാശനഷ്ടം സംഭവിക്കുകയും ചെയ്തപ്പോൾ തിരിച്ചടവ് മുടങ്ങുകയും ജപ്തിനടപടി സ്വീകരിക്കുമ്പോൾ കർഷകൻ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി കർഷകർ കേരളത്തിൽ ആത്മഹത്യ ചെയ്തു.
അവരെ സഹായിക്കുന്നതിന് ഒരു നടപടിയും സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ കർഷകരെ സഹായിക്കാൻ അടിയന്തിരമായും സർക്കാർ പ്രത്യേക കർഷക സാമ്പത്തിക പാക്കേജ് തയ്യാറാക്കി കർഷകരെ സഹായിക്കണമെന്നും വിപിൻ പറഞ്ഞു. വന്യമൃഗശല്യം തടയാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറും ഗവൺമെൻറും ഒന്നും ചെയ്യാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.
പ്രകൃതി ഷോഭം മൂലം കൃഷി നശിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ശ്രീകുമാർ കണിച്ചാർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കമ്മറ്റി മെമ്പർ സി.നാരായണൻ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ഇ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാലൻ ഉദയഗിരി സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് വി.പി.പത്മനാഭൻ നന്ദി പറഞ്ഞു.