സഭായോഗം ശ്രോത്രിയരത്നം പുരസ്കാരം പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരിക്ക്

google news
Damodaran Namboothiri

പിലാത്തറ: ശ്രീരാഘവപുരം സഭായോഗത്തിൻ്റെ പരമോന്നത പുരസ്കാരമായ ശ്രോത്രിയരത്നം ബഹുമതി യജുർവ്വേദപണ്ഡിതൻ പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരിക്ക്. വേദത്തിനും വൈദികസംസ്കൃതിക്കുമുള്ള സമഗ്രസംഭാവന മുൻനിർത്തിയുള്ളതാണ്   ശ്രോത്രിയരത്നം പുരസ്കാരം.

ഇരിങ്ങാലക്കുട ഗ്രാമത്തിൽ പന്തൽ ഇല്ലത്ത് വൈദികൻ ദാമോരൻ നമ്പൂതിരിയുടെയും ആര്യ അന്തർജ്ജനത്തിന്റെയും പുത്രനായ ഇദ്ദേഹം 1976 മുതൽ 1981 വരെ കാഞ്ചി കാമകോടി പീഠം യജുർവ്വേദപാഠശാല വിദ്യാർത്ഥിയായി അച്ഛനിൽ നിന്ന് തൈത്തിരീയസംഹിത ഹൃദിസ്ഥമാക്കി. 1989 മുതൽ 1996 വരെയുള്ള കാലഘട്ടത്തിൽ അച്ഛനിൽ നിന്നും അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിയിൽ നിന്നുമായി  തൈത്തിരീയബ്രാഹ്മണം അഭ്യസിച്ചു. ഷോഡശക്രിയകളും ശ്രൗതകർമ്മങ്ങളുടെ പ്രാഥമികപാഠങ്ങളും കൂടി അച്ഛൻ പഠിപ്പിച്ചു. തുടർന്ന് തൈക്കാട് വൈദികൻ നീലകണ്ഠൻ നമ്പൂതിരി, തൈക്കാട് വൈദികൻ കേശവൻ നമ്പൂതിരി, പുത്തില്ലം രവി അക്കിത്തിരിപ്പാട് എന്നിവരുടെ കീഴിൽ  ശ്രൗതവിഷയങ്ങളിൽ വൈദഗ്ധ്യം നേടി. തൃപ്രയാർ ചെറുമുക്ക് ജാതവേദൻ നമ്പൂതിരിയിൽ നിന്ന് തന്ത്രം അഭ്യസിച്ചു. 

1975 ൽ ഒമ്പതാം വയസ്സിൽ ഊരായ്മ ക്ഷേത്രമായ രാപ്പാൾ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഓത്തൂട്ടിൽ ആദ്യമായി ഓത്തു കൊട്ടിച്ചു. 1990 ൽ നടന്ന കുണ്ടൂർ അതിരാത്രത്തിൽ പങ്കെടുത്തു. 2003 ൽ നടന്ന തൃശൂർ സോമയാഗം, 2011 ലെ പാഞ്ഞാൾ അതിരാത്രം, 2023 ലെ കൈതപ്രം സോമയാഗം തുടങ്ങി കഴിഞ്ഞ കാൽനൂറ്റാണ്ടിൽ മലയാളസമ്പ്രദായത്തിൽ കേരളത്തിനകത്തും പുറത്തുമായി നടന്ന മിക്ക സോമയാഗങ്ങളിലും അതിരാത്രങ്ങളിലും നേതൃത്വപരമായ പങ്ക് വഹിച്ചു. സംഗമഗ്രാമപദ്ധതി എന്ന താന്ത്രികഗ്രന്ഥം എഴുതിയിട്ടുണ്ട്. ഇരിങ്ങാലക്കുട കാമകോടി യജുർവ്വേദപാഠശാലയിലും തൃശൂർ ബ്രഹ്മസ്വം മഠത്തിലും അദ്ധ്യാപകനായിരുന്നു.

2006 ൽ മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിൽ വച്ച് വേദരത്നം ബഹുമതി, പഴങ്ങാപ്പറമ്പ് പാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ച് ശ്രൗതവിഭൂഷണം പുരസ്കാരം, 2016 ൽ തൃപ്പൂണിത്തുറ അന്യോന്യത്തിൽ വച്ച് വൈദികരത്നം ബഹുമതി, തൃശൂർ ബ്രഹ്മസ്വം മഠത്തിൽ വച്ച് ഏഴിക്കോട് പരമേശ്വരൻ നമ്പൂതിരി സ്മാരകപുരസ്കാരം, 2018 ൽ ദേവീപ്രസാദപുരസ്കാരം, കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ പ്രശസ്തിപത്രം, 2019 ൽ കൈമുക്ക് വൈദികൻ പരമേശ്വരൻ നമ്പൂതിരിയുടെ സ്മരണയിലുള്ള പാരമേശ്വരീയവൈദികപുരസ്കാരം, 2020 ൽ കോഴിക്കോട് വൈദികവിജ്ഞാന കേന്ദ്രത്തിന്റെ വേദശ്രേഷ്ഠ പുരസ്കാരം, 2022 ൽ തൃശൂർ ബ്രഹ്മസ്വം മഠത്തിൽ വച്ച് പടുതോൾ നീലകണ്ഠൻ നമ്പൂതിരിപ്പാട് സ്മാരക വേദകീർത്തി പുരസ്കാരം, 2023 ൽ അരീക്കോട് ശ്രീശങ്കര വൈദികസാംസ്കാരികകേന്ദ്രത്തിന്റെ ശ്രീശങ്കര പുരസ്കാരം എന്നിവ ലഭിച്ചു. ഇന്ന് മലയാളസമ്പ്രദായത്തിൽ തൈത്തിരീയയജുർവ്വേദശാഖ നിലനിൽക്കുന്നത് വേദസ്നേഹികൾ ഉണ്ണിയേട്ടൻ എന്ന് സ്നേഹാദരപൂർവ്വം വിളിക്കുന്ന ഇദ്ദേഹത്തിന്റെ തപസ്യയിലൂടെയാണ്. 

ജനവരി 22 മുതൽ 28  വരെ കണ്ണൂർ ചെറുതാഴം കണ്ണിശ്ശേരിക്കാവിൽ നടക്കുന്ന സഭായോഗത്തിന്റെ 1230 മത് മഹാ വേദഭജനത്തിന്റെ ഭാഗമായി ജനവരി 26 ന് ചേരുന്ന വാർഷികസഭയിൽ വച്ച് സഭായോഗം രക്ഷാധികാരി ചിറക്കൽ കോവിലകം വലിയ രാജ ഉത്രട്ടാതി തിരുനാൾ രാമവർമ്മ രാജ പുരസ്കാരം  സമ്മാനിക്കും. 10008 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.  

എച്ച്. എച്ച്. ബദരീനാഥ് റാവൽജി വടക്കേ ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരി, വേദപണ്ഡിതരായ മുല്ലമംഗലം നാരായണൻ നമ്പൂതിരി, ആമല്ലൂർ നാരായണൻ നമ്പൂതിരി, ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, സഭായോഗം അദ്ധ്യക്ഷൻ ഡോ. തെക്കേ ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി, സഭായോഗം വേദവിദ്യാപ്രതിഷ്ഠാനം ചെയർമാൻ ശ്രീകാന്ത് കാര ഭട്ടതിരി, വേദവിദ്യാപ്രതിഷ്ഠാനം ഡയരക്ടർ ഡോ. ഇ. എൻ. ഈശ്വരൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ നിശ്ചയിച്ചത്.

Tags