കണ്ണൂർ വാരിയേഴ്സ് തീം സോങ് പുറത്തിറക്കി; കേരള സൂപ്പർ ലീഗിൽ പോരാട്ടത്തിനിറങ്ങുന്നത് ആറ് വിദേശ കളിക്കാർ ഉൾപ്പെടെയുള്ള ടീം
കണ്ണൂർ കേരള സൂപ്പർ ലീഗിൽ പോരാട്ടത്തിനിറങ്ങുന്ന കണ്ണൂർ വാരിയേഴ്സിൻ്റെ തീം സോങ്ങ് പ്രകാശനവും ജഴ്സി പ്രദർശനവും കളിക്കാരെയും കോച്ചിനെയും പരിചയപ്പെടലും നടന്നു. കണ്ണൂർ ഇ കെ. നായനാർ അക്കാദമി ഹാളിലാണ് പരിപാടി നടന്നത്.
ചലച്ചിത്ര നടന്നും ഡയറക്ടറുമായ ആസിഫ് അലി മുഖ്യാതിഥിയായി പരിപാടിയുടെ ഭാഗമായി സൂപ്പർ പാസ് സ്വീകരിക്കൽ, കണ്ണൂരിലെ മുൻ ദേശീയ സംസ്ഥാന താരങ്ങളെ ആദരിക്കൽ എന്നിവ നടന്നു. ആസിഫലി മുൻ കാല താരങ്ങൾക്ക് ഉപഹാരം നൽകി. കണ്ണൂരിലെ ഫുട്ബോൾ പെരുമ വീണ്ടെടുക്കാൻ കണ്ണൂർ എഫ്.സി പ്രൈവറ്റ് ലിമിറ്റഡിൻ്റ കണ്ണൂർ വാരിയേഴ്സിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ എം പി ഹസൻ കുഞ്ഞി പറഞ്ഞു. ലോകകപ്പിൽ കളിക്കാനുള്ള ഇന്ത്യൻ ഫുട്ബോളിൻ്റെ മുന്നൊരുക്കങ്ങൾക്ക് കുതിപ്പേകാൻകണ്ണൂർ വാരിയേഴ്സിനു കഴിയുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ആസിഫലി പറഞ്ഞു.
പരിപാടിയിൽ കോച്ചുൾപ്പെടെയുള്ള ആറു വിദേശ താരങ്ങൾ അടങ്ങിയ ടീമിൻ്റെ ഫോട്ടോഷൂട്ടും നടന്നു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് ടീം പരിശീലനം നടത്തിവരുന്നത്. കോഴിക്കോടാണ് കണ്ണൂർ വാരിയേഴ്സിൻ്റെ ഹോം ഗ്രൗണ്ട്. ഡയറക്ടർമാരായ മിബു ജോസ് നെറ്റിക്കാടൻ സി.എ മുഹമ്മദ് സാലിഹ് ഡോക്ടർ അജിത്ത് ജോയ് എന്നിവരും പങ്കെടുത്തു.