കണ്ണൂർ സർവ്വകലാശാല കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു മുന്നേറ്റം ; കണ്ണൂർ വനിതാ കോളേജിലും മട്ടന്നൂർ പഴശിരാജയിലും അട്ടിമറി വിജയം
വർഷങ്ങൾക്കുശേഷം മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ മത്സരിച്ച 46 സീറ്റിൽ 31ലും വിജയിച്ച് ചരിത്ര മുന്നേറ്റമുണ്ടാക്കി
കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു തിളക്കമാർന്ന വിജയം നേടിയെന്ന് ജില്ലാ നേതൃത്വം അവകാശപ്പെട്ടു.
എസ്.എഫ്.ഐ കാലങ്ങളായി കയ്യടക്കി വച്ചിരുന്ന പാർട്ടി ഗ്രാമങ്ങളിലെ കോളേജുകളിലുൾപ്പെടെ വൻ തിരിച്ചുവരവാണ് കെ.എസ്.യു വിനുണ്ടായതെന്ന് ജില്ലാ നേതാക്കൾ പറഞ്ഞു.വർഷങ്ങൾക്കുശേഷം മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ മത്സരിച്ച 46 സീറ്റിൽ 31ലും വിജയിച്ച് ചരിത്ര മുന്നേറ്റമുണ്ടാക്കി.
ഇടത് പാർട്ടി ഗ്രാമമായ തിമിരിയിലെ ബി.എൽ.എം കോളേജിൽ പതിനെട്ട് വർഷത്തിനുശേഷം ആദ്യമായി യൂണിറ്റ് രൂപീകരിച്ച് മത്സരിച്ചപ്പോൾ കോട്ട തകർത്ത് യൂണിയൻ ചെയർമാനിലൂടെ കെ.എസ്.യു മിന്നും വിജയം നേടി.
ഇതോടൊപ്പം തന്നെ നിലവിൽ കെ.എസ്.യു യൂണിയൻ ഭരിക്കുന്ന മുഴുവൻ കോളേജുകളിലും ഭരണം നിലനിർത്തുകയും പ്രധാനപ്പെട്ട രണ്ട് കോളേജുകൾ എസ്.എഫ്.ഐയിൽ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തു.
കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ്,മാടായി കോ-ഓപ്പറേറ്റീവ് കോളേജ്,ഇരിട്ടി എം.ജി കോളേജ്,ആലക്കോട് മേരി മാതാ കോളേജ്,പൈസക്കിരി ദേവമാതാ കോളേജ്,നവജ്യോതി കോളേജ് ചെറുപുഴ,ഡി പോൾ കോളേജ് എടത്തൊട്ടി എന്നിവിടങ്ങളിൽ യൂണിയൻ ഭരണം നിലനിർത്തിയപ്പോൾ പത്തുവർഷത്തിനു ശേഷം കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജും കഴിഞ്ഞവർഷം നഷ്ടപ്പെട്ട അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജും എസ്.എഫ്.ഐയിൽ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തു.
കെ.എസ്.യുവിന് ജില്ലയിലെ ക്യാമ്പസുകളിൽ ഉണ്ടായ തിളക്കമാർന്ന വിജയം കഴിഞ്ഞകാലങ്ങളിൽ കെ.എസ്.യു ഉയർത്തിപ്പിടിച്ച വിദ്യാർത്ഥി പക്ഷ നിലപാടുകൾക്കുള്ള വിദ്യാർത്ഥി മനസ്സിന്റെ അംഗീകാരമാണെന്നും സമാനതകളില്ലാത്ത വിജയം സമ്മാനിച്ച പ്രബുദ്ധരായ വിദ്യാർത്ഥികളെ നെഞ്ചോട് ചേർക്കുന്നുവെന്നും കെ.എസ്.യു ജില്ലാ പ്രസിഡണ്ട് എം.സി അതുൽ പറഞ്ഞു. എന്നാൽ ജില്ലയിലെ ബഹുഭൂരിപക്ഷം കോളേജുകളിലും എസ്.എഫ്.ഐമിന്നും ജയം നേടിയെന്ന് എസ്.എഫ്.ഐ ജില്ലാ നേതൃത്വം അറിയിച്ചു.