കണ്ണൂർ സർവ്വകലാശാല സെനറ്റ് യോഗത്തിൽ ബഹളം : സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അജൻഡ പാസായില്ല
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ സെർച്ച് കമ്മിറ്റി രുപീകരിക്കണമെന്ന ഗവർണറുടെ തീരുമാനത്തെ ഇടതു അനുകൂലികളായ സെനറ്റ് അംഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് എതിർത്തു തോൽപിച്ചു.സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന ഗവർണറുടെ നിർദ്ദേശം അജൻഡയിൽ ഉൾപ്പെടുത്തിയതിനെ ചൊല്ലി വെള്ളിയാഴ്ച്ച രാവിലെ പത്തിന് ചേർന്നകണ്ണൂർ സർവ്വകലാശാല സെനറ്റ് യോഗത്തിൽ സി.പി.എം കോൺഗ്രസ് അനുകൂലികൾ തമ്മിൽ അതിരൂക്ഷമായ വാഗ്വാദം നടന്നിരുന്നു.
സെർച്ച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാനുള്ള അജൻഡയ്ക്കെതിരെ ഇടതു അംഗങ്ങൾ പ്രമേയം കൊണ്ടുവന്നതാണ് സെനറ്റ് യോഗത്തിൽ ബഹളമുണ്ടാകാൻ കാരണമായത്. സെർച്ച് കമ്മിറ്റി വേണമെന്ന് യു.ഡി.എഫ് - ബി.ജെ.പി അനുകൂല അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ അജൻഡ വോട്ടിനിട്ടപ്പോൾ പരാജയപ്പെടുകയും ചെയ്തു.
48 ഇടത് അംഗങ്ങൾ അജൻഡയെ എതിർത്തു. 25 പേർ അനുകൂലിക്കുകയും ഒരാൾ വിട്ടു നിൽക്കുകയും ചെയ്തു. ഇതോടെ സെർച്ച് കമ്മിറ്റി രൂപീകരണം ശബ്ദവോട്ടിങിൽ പരാജയപ്പെടുകയായിരുന്നു. ഗവർണറുടെ നിർദ്ദേശപ്രകാരമാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് അജൻഡയിൽ ഉൾപ്പെടുത്തിയത്. ഇടതു അംഗങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് സെർച്ച് കമ്മിറ്റി അജൻഡായി അവതരിപ്പിച്ചത് പാസാക്കാതെയാണ് സെനറ്റ് യോഗം പിരിഞ്ഞത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയാണ് സെർച്ച് കമ്മിറ്റി രുപീകരണത്തിനെതിരെയുള്ള പ്രമേയം അവതരിപിച്ചത്. അജൻഡ തള്ളണമെന്ന് പി.പി ദിവ്യയും സി.പി.എം എംഎൽഎമാരായ ടി.ഐ മധുസൂദനനും സി.എച്ച് കുഞ്ഞമ്പുവും ആവശ്യപ്പെട്ടു. കോടതിയിലുള്ള കേസ് ചൂണ്ടിക്കാട്ടിയാണ് ഇടതു അംഗങ്ങൾ സെർച്ച് കമ്മിറ്റി രൂപീകരണ നടപടിയെ എതിർത്തത്. ഇതേ തുടർന്നാണ് വോട്ടിങിനിടാൻ തീരുമാനിച്ചത്.
ഇടതു അനുകുലികളായ 48 പേർ എതിർക്കുകയും 25 പേർ അനുകൂലിക്കുകയും ചെയ്തു. ഒരാൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതോടെ അജൻഡ പരാജയപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഒന്ന് രണ്ട് അജൻഡകളിൽ തീരുമാനമെടുത്ത് വെള്ളിയാഴ്ച്ച രാവിലെ ചേർന്ന സെനറ്റ് യോഗം പിരിയുകയായിരുന്നു. കണ്ണൂർ സർവകലാശാല വിദ്യാർത്ഥി പ്രതിനിധിയായി എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രനെ തെരഞ്ഞെടുത്തു. കെ എസ്.യുവിലെ അഷിത്ത് അശോകനെയാണ് വൈഷ്ണവ് പരാജയപ്പെടുത്തിയത്.
വൈഷ്ണവിന് നാൽപത്തിയാറും അഷിത്തിന് പതിനാറ് വോട്ടുകളും ലഭിച്ചു. ബി.ജെ.പി അനുകൂലികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു ഇടതു അനുകൂല അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള കണ്ണൂർ സർവകലാശാല സെനറ്റ് യോഗത്തിൽ കഴിഞ്ഞ വർഷം ഗവർണറെ നീക്കം ചെയ്യണമെന്ന് രാഷ്ട്രപതിക്ക് അയക്കാൻ പ്രമേയം അവതരിപ്പിക്കപെട്ടിരുന്നു.