കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലെ ഗതാഗത ക്ലേശം ; സ്വകാര്യ ബസുകൾ മെയ് 30 മുതൽ പണിമുടക്കും
കണ്ണൂർ : ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ ഉണ്ടാകുന്ന ഗതാഗത ക്ലേശം പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
നടാൽ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന ദേശീയപാത അതോറിറ്റി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് 30 മുതൽ കണ്ണൂർ–തോട്ടട–നടാൽ തലശ്ശേരി റൂട്ടിലെ സർവീസ് നിർത്തിവെക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോ–ഓഡിനേഷൻ കമ്മിറ്റി ഉൾപ്പടെയുള്ള സംയുക്ത സമര സമിതി തീരുമാനിച്ചു. അന്നേ ദിവസം രാവിലെ 10നു ബസ് ഉടമകളും തൊഴിലാളികളും പ്രദേശവാസികളും ഒകെ യുപി സ്കൂളിന് സമീപം ദേശീയപാത ഉപരോധിക്കും.
പുതിയ ദേശീയപാത നിർമാണത്തിന്റെ ഇപ്പോഴത്തെ പ്ലാൻ അനുസരിച്ച് തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകൾ നടാൽ റെയിൽവേ ഗേറ്റ് കടന്ന് ചാല അമ്പലം സ്റ്റേപ്പിലെത്തി അവിടെ നിന്ന് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ടിവരും. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോകാൻ 7 കിലോ മീറ്റർ അധികം സഞ്ചരിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് ബസ് ഉടമസ്ഥ സംഘവും ജീവനക്കാരും പറഞ്ഞു. യോഗത്തിൽ ജനറൽ കൺവീനർ കെ.പ്രദീപൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ് കുമാർ കരുവാരത്ത്, കൺവീനർ പി.കെ.പവിത്രൻ, വി.വി.പുരുഷോത്തമൻ, വി.വി.ശശീന്ദ്രൻ, കെ.കെ.ശ്രീജിത്ത്, കെ.മഹീന്ദ്രൻ, പി.പ്രകാശൻ, എൻ.മോഹനൻ എന്നിവർ പ്രസംഗിച്ചു.