കണ്ണൂർ -തലശേരി റൂട്ടിലെ ബസ് സമരം: അനുരജ്ഞന യോഗം 14 ന് ചേരും
കണ്ണൂർ: കണ്ണൂർ - എടക്കാട് - തലശേരി റൂട്ടിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം നടത്തുന്നതിന്റെ മുന്നോടിയായി നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും അനുരജ്ഞനയോഗം വിളിക്കും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 14-ന് വൈകിട്ട് മൂന്ന് മണിക്ക് നടാൽ വിജ്ഞാനദായനി വായനശാലയിലാണ് യോഗം. ബസ് ഉടമ സംഘം പ്രതിനിധികളും ട്രേഡ് യൂണിയൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
കൂടാതെ, തോട്ടട, നടാൽ, ചാല, എടക്കാട് വഴി സർവീസ് നടത്തുന്ന ബസ് ഉടമകളുടെയും തൊഴിലാളികളുടെയും യോഗം 19-ന് ഉച്ചക്ക് 2.30-ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിലും ചേരും. ദേശീയ പാത നിർമിക്കുമ്പോൾ കണ്ണൂരിൽ നിന്ന് തോട്ടട- നടാൽ- എടക്കാട് വഴി സർവീസ് നടത്തുന്ന ബസുകൾക്ക് നേരിട്ട് സർവീസ് റോഡിൽ പ്രവേശിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് 22-മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.