നൂതനാശയങ്ങളുമായി സ്കൂൾ ശാസ്ത്രമേള: ജലാശയ രക്ഷാപ്രവർത്തനത്തിന് വാട്ടർ റെസ്ക്യു ഡ്രോൺ
കണ്ണൂർ: ലോകത്തെ പുതുതായി മാറ്റി തീർക്കാൻ ശാസ്ത്രവിസ്മയങ്ങളുമായി വിദ്യാർത്ഥി പ്രതിഭകൾ അണിനിരന്നു. പലതും വ്യത്യസ്തത കൊണ്ടും സാങ്കേതികതികവിനാലും പ്രായോഗികതയായാലും ശ്രദ്ധേയമായിരുന്നു. ജലാശയത്തിൽ രക്ഷാപ്രവർത്തനത്തിന് സൈനുൽ ആബിദും ധാർമിക് ഡി എസ് സ്‌റ്റാലിനും അവതരിപ്പിക്കുന്ന കിടിലൻ ഐറ്റമായ വാട്ടർ റസ്‌ക്യൂ ഡ്രോൺ ഇതിൽ ഏറെ ശ്രദ്ധേയമായി.
ഹൈസ്‌കൂൾ വിഭാഗം വർക്കിങ് മോഡലിലാണ് പെരിങ്ങത്തൂർ എൻഎഎംഎച്ച്‌എസ്‌എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഇവർ മൊബൈൽ ഫോണിൽ നിയന്ത്രിക്കുന്ന ആളില്ലാ രക്ഷാബോട്ടുമായെത്തിയത്. വിവിധ ദുരന്തങ്ങളിൽ വെളളത്തിൽ അകപ്പെട്ടുപോകുന്നവരുടെ ചിത്രം ബോട്ടിലെ കാമറ പകർത്തും. സാഹചര്യമനുസരിച്ചരിച്ച് വടം എറിഞ്ഞ് രക്ഷാപ്രവർത്തനവും നടത്തും.
എനർജി എഫിഷ്യന്റ് ആൻഡ് റസിലിയന്റ് ഫുഡ് പ്രൊഡക്ഷൻ സിസ്‌റ്റം പോഷകാഹാരക്കുറവും ഭക്ഷ്യ ദൗർലഭ്യവും പരിഹരിച്ച് സുരക്ഷിത ഭക്ഷ്യ ഉൽപ്പാദനത്തിൽ പുത്തൻ മാതൃകയാണ് കൂടാളി ഹൈസ്‌കൂളിലെ പത്താംക്ലാസുകാരായ മനോമി സന്തോഷും അനുനന്ദ വിനുവും മുന്നോട്ടുവയ്‌ക്കുന്നത്. രണ്ട് ഘട്ടങ്ങളിലായായി പ്രവർത്തിപ്പിക്കുന്ന ‘എനർജി എഫിഷ്യന്റ് ആൻഡ് റസിലിയന്റ് ഫുഡ് പ്രൊഡക്ഷൻ സിസ്‌റ്റം’ ആണ് ഇവർ അവതരിപ്പിച്ചത്.
ജലത്തെ വിഘടിപ്പിച്ച് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയും അതുപയോഗിച്ച് ബാക്ടീരിയയുടെ സഹായത്താൽ അസറ്റേറ്റ് ഉൽപ്പാദിപ്പിക്കുകയുമാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ യീസ്‌റ്റ് ഉപയോഗിച്ച് അസറ്റേറ്റിൽനിന്ന് പ്രോട്ടീനും വിറ്റാമിനും ഉൽപ്പാദിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം, രോഗബാധ, കീടങ്ങളുടെ ആക്രമണം, ജലത്തിന്റെയും സ്ഥലത്തിന്റെയും ദൗർലഭ്യം എന്നിവയെല്ലാം കാർഷികോൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുമ്പോൾ പുത്തൻ സംവിധാനം വലിയ ആശ്വാസമാകും.
കാർ ഫയർ ഗാർഡ് ഓടുന്ന കാറിന് തീപിടിക്കുന്നത് നിത്യസംഭവമാകുമ്പോൾ പരിഹാരമായാണ് വടക്കുമ്പാട് ജിച്ച്‌എസ്‌എസ് വർക്കിങ് മോഡൽ അവതരിപ്പിച്ചത്. കാറിൽനിന്ന് പുകയോ തീയോ ഉയർന്നൽ കാറിനുള്ളിലെ പ്രത്യേക എൽഇഡി ബൾബ് പ്രകാശിച്ച് അപായ സൂചന നൽകും. തുടർന്ന് അലാറവും ഒപ്പം കാറിലെ സ്‌പീക്കറിലൂടെ അറിയിപ്പുംമുഴങ്ങും. ഒമ്പതാം ക്ലാസ് വിദ്യാർഥികളും സഹോദര പുത്രന്മാരുമായ പെരുന്താറ്റിലെ വി പി സനോയ്, വി പി അമാൻ എന്നിവരാണ് കാർ ഗാർഡുമായി മത്സരത്തിനെത്തിയത്.