കായലിലും കടലിലും നീന്തിതെളിഞ്ഞ ഷൈജീന

shaijeena
പെരളശ്ശേരി :  ഇപ്പോൾ കായലിലും കടലിലും നീന്തിതെളിഞ്ഞ മൂന്നുപെരിയയിലെ വി.കെ. ഷൈജീനക്ക് 46 വയസ്സുവരെ വെള്ള ത്തിലിറങ്ങാൻ പേടിയായിരുന്നു. നീന്തൽ പഠിപ്പിക്കാനും ആരുമുണ്ടായില്ല. ഒടുവിൽ ഒരു മഴക്കാലത്ത് രണ്ടുംകൽപ്പിച്ച് ഇറങ്ങി. നീന്തൽ പഠിച്ചു. ആറുമാസത്തിനുള്ളിൽ പുഴയിലും കായലിലും കടലിലും നീന്താനുള്ള കഴിവ് നേടി. ഇപ്പോൾ സ്ത്രീകളുടെ നീന്തൽ പരിശീലകയുമായി.

'കുട്ടിക്കാലത്ത് നീന്താൻ പേടിയായിരുന്നു. നീന്തൽ ശാസ്ത്രീ യമായി പഠിക്കുക എന്നത് പിന്നീട് വലിയ ആഗ്രഹമായി മാറി. അങ്ങനെ 46-ാം വയസ്സിൽ സന്ദേഹവും ശങ്കയും മാറ്റി വെള്ളത്തിലിറങ്ങി' എന്ന് ഷൈജീന പറഞ്ഞു.

നീന്തൽപരിശീലകനും പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാർഡുമായ ചാൾസൺ ഏഴിമല, അദ്ദേഹത്തിന്റെ മകൻ വില്യം എന്നിവർ പരിശീലകരായി. 2023 ജൂൺ മുതൽ മുടങ്ങാതെ ഒരുമണിക്കൂർ നോൺ സ്റ്റോപ്പ് നീന്തൽ. ബ്രെസ്റ്റ് സ്ട്രോക്, ബട്ടർഫ്ളൈ സ്ട്രോക്, ഡോഗ് സ്റ്റൈൽ എന്നിവയൊക്കെ പഠനത്തിലൂടെ മനസ്സിലാക്കി.

shaijeena

നീന്തൽക്കുളത്തിൽനിന്ന് നേരേ പെരുമ്പപ്പുഴയിലേക്ക്. പുഴയിൽ നീന്തി പ്പരിശീലിച്ചു. പിന്നെ 10 തവണ പെരുമ്പപ്പുഴ നീന്തിക്കടന്നു. കവ്വായി കായൽ ഒരു കിലോമീറ്റർ നീന്തി. ഇപ്പോൾ കടലിലാണ് പരിശീലനം. പയ്യാമ്പലം കടലിൽ രണ്ടുകിലോമീറ്ററിലധികം കഴിഞ്ഞ ദിവസം നീന്തി.

vilyam

നീന്തുന്നതിനിടയിൽ ഇടയ്ക്ക് വെള്ളത്തിന് മുകളിൽ മലർന്നുകിടന്ന് വിശ്രമം (ഫ്ലോട്ടിങ്). വീണ്ടും തിരമാലകളിലേക്ക് ഊളിയിടൽ. പേടിയില്ലാതെ എത്രദൂരം വേണമെങ്കിലും നീന്താം. സ്വയംരക്ഷയ്ക്കും മറ്റുള്ളവരെ രക്ഷിക്കാനും ഷൈജീന ഇപ്പോൾ പ്രാപ്തയാണ്.

'കുട്ടികളെ വെള്ളത്തിലേക്ക് വിടൂ. അവർ നീന്തിപ്പഠിക്കട്ടെ. നീന്തൽ അറിയാത്തവർ ഒരിക്കലും അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാനായി ഇറങ്ങരുത്' എന്ന ചാൾസൻ ഏഴിമലയുടെ ഓർമപ്പെടുത്തൽതന്നെയാണ് അവരുടെ കൂടെ നീന്തൽ ട്രെയിനറായി പ്രവർത്തിക്കുന്ന ഷൈജീനയ്ക്കും. സ്‌കൂൾ അധ്യാപകനായ എം. മനോജ് കുമാറാണ് ഭർത്താവ്.

Tags