പിണറായിയിൽ പുസ്തക പൂക്കാലത്തിന് തുടക്കമായി; എഴുത്തുകാർ കൈയ്യൊപ്പ് ചാർത്തിയ പുസ്തകങ്ങൾ വായനക്കാരിലേക്ക്

pusthaka pookkalam
pusthaka pookkalam

കണ്ണൂർ: പിണറായിയിൽ ഓണത്തിനൊപ്പം പുസ്തക പൂക്കാലത്തിന് തുടക്കമായി. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാർ അവരുടെ കയ്യൊപ്പ് ചാർത്തിയ സ്വന്തം പുസ്തകം വായനശാലക്ക് നൽകുന്ന പദ്ധതിയാണ് പുസ്തക പൂക്കാലമെന്ന പേരിൽ നടപ്പിലാക്കുന്നത്. പിണറായി വെസ്റ്റിലെ സി മാധവൻ സ്മാരക വായനശാലയാണ് അത്തം മുതൽ തിരുവോണം വരെയുള്ള ഓണക്കാലത്ത് പൂക്കളും പുസ്തകങ്ങളും ചേർത്തുവെക്കുന്ന പുസ്തകപൂക്കാലം എന്ന പുസ്തക ശേഖരണ പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിൽ ആദ്യമായാണ് ഒരു വായനശാല ഇത്തരത്തിൽ ഒരു ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്. പുസ്തക പൂക്കാലത്തിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ്റെ മയ്യഴിയിലെ വസതിയിൽ വച്ച് അദ്ദേഹത്തിൻ്റെ അതി പ്രശസ്തമായ മയ്യഴിപ്പുഴയുടെ തീരങ്ങളിൽഎന്ന പുസ്തകത്തിൽ കയ്യൊപ്പ് ചാർത്തി വായനശാല സെക്രട്ടറി അഡ്വ.വിപ്ര ദീപന് നൽകി കൊണ്ട് നിർവഹിച്ചു. 

pusthaka pookkalam

വായനശാല ഭാരവാഹികളായ കെ. പി. രാമകൃഷ്ണൻ, വി.പ്രസാദ്, എം. പ്രജീഷ്,  എന്നിവർ പങ്കെടുത്തു. ബെന്യാമിൻ,കെ ആർ മീര,ഷാജികുമാർ, എൻ ശശിധരൻ,സോമൻ കടലൂർ, ആർ. രാജശ്രീ, എസ്.സിത്താര, കെ.എസ്, രതീഷ്, എം.കെ മനോഹരൻ,കെ ടി കുഞ്ഞിക്കണ്ണൻ,കവിയൂർ രാജഗോപാലൻ,ടിപി വേണുഗോപാൽ,ജിനേഷ് കുമാർ എരമം, ടി.കെ. അനിൽകുമാർ പ്രൊഫ.മുഹമ്മദ് അഹമ്മദ്,കെ വി അനൂപ് തുടങ്ങി നൂറോളം പേർ ഇതിനകം പുസ്തകം നൽകാൻ തയ്യാറായിട്ടുണ്ട്.

കേരളത്തിനു പുറത്ത് ബാംഗ്ലൂർ, മദ്രാസ്,  മുംബൈ, കൽക്കട്ട എന്നിവിടങ്ങളിലെ എഴുത്തുകാരും വിദേശത്ത്താമസിക്കുന്ന എഴുത്തുകാരുംതങ്ങളുടെ കയ്യൊപ്പോട് കൂടിയ പുസ്തകങ്ങൾ വായനശാലക്ക് കൈമാറും.  പുസ്തകശേഖരണത്തിൻ്റെ ഭാഗമായിപുസ്തകപ്പയറ്റ് ഓൺലൈൻ പുസ്തക ചാലഞ്ച്, ഓർമ്മ പുസ്തക സമ്മാനം,പുസ്തക കുറി തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾഇതിനകം വായനശാല ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്. ജൈവ കൃഷിയും ഗ്രാമ ചന്തയും പൂകൃഷിയുമൊക്കെയായി പിണറായി ഗ്രാമത്തിന് വെളിച്ചം പകരുകയാണ് ഈ വായനശാല പ്രവർത്തകർ.

Tags