കണ്ണൂരിലെ തെരുവുനായ ശല്യം പരിഹരിക്കാൻ മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം
കണ്ണൂർ: രൂക്ഷമായ തെരുവുനായശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി മോണിറ്ററിംഗ് കമ്മിറ്റി രൂപികരിക്കാൻ കണ്ണൂർ റെയിൽവേ ലോഞ്ചിൽ വിളിച്ച് ചേർത്ത ജനപ്രതിനിധികളുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ തീരുമാനം. പേവിഷബാധയേറ്റെന്ന് സംശയിക്കുന്ന പട്ടികൾക്ക് വാക്സിനേഷനുള്ള നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളാനും യോഗത്തിൽ തീരുമാനമെടുത്തു.
റെയിൽവേ മുൻകൈയെടുത്ത് വിളിച്ച് ചേർത്ത യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി, കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി സരള, അസിസ്റ്റന്റ് ഡിവിഷനൽ റെയിൽവേ മാനേജർ എസ് ജയകൃഷ്ണൻ, സിറ്റി അസി. പോലീസ് കമ്മീഷണർ ടി കെ രത്നകുമാർ, പാലക്കാട് ഡിവിഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പ്രദീപ് ഡി സി , ആർ പി എഫ് ഇൻസ്പെക്ടർ വർഗീസ്, കണ്ണൂർ റെയിൽവേ മാനേജർ സജിത്ത് തുടങ്ങിയവർ പങ്കെടുത്തു. പ്ലാറ്റ്ഫോ മിൽ നായകൾക്ക് ഭക്ഷണം നൽകരുതെന്ന് കണ്ണൂർ റെയിൽവേ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
പാർപ്പിക്കാൻ ഇടമില്ലാത്തതിനാൽ, പിടികൂടുന്ന നായ്ക്കളെ എന്ത് ചെയ്യുമെന്നതടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ വീണ്ടും യോഗം ചേരും.ഇന്ന് വൈകീട്ട് കോർപറേഷനിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം മേയർ മുസ്ലീഹ് മഠത്തിൽ വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുക്കും.