തളിപറമ്പിലെ മുഖ്യമയക്കുമരുന്ന് വില്‍പനക്കാരന്‍ കണ്ണൂരിൽ എം.ഡി. എം. എയും കഞ്ചാവുമായി അറസ്റ്റില്‍

nvghv
കണ്ണൂര്‍: തളിപറമ്പ് കേന്ദ്രീകരിച്ചു വന്‍മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന യുവാവിനെ കണ്ണൂര്‍ നഗരത്തിലെ തെക്കി ബസാര്‍ മൊട്ടമ്മല്‍ റോഡില്‍ വച്ച്  ബൈക്കില്‍ കഞ്ചാവും എം.ഡി. എം. എയുമായി  കണ്ണൂര്‍ റെയ്ഞ്ച് എക്‌സൈസ് സംഘം വാഹനപരിശോധനയ്ക്കിടെ പിടികൂടി.

തളിപ്പറമ്പ് പുന്നക്കന്‍ വീട്ടില്‍ പി.നദീറിനെയാ(28)ണ് വ്യാഴാഴ്ച്ച രാവിലെ  എട്ടുമണിയോടെ  എം.ഡി. എം. എയും , കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍ പി പിയും സംഘവുമാണ് രഹസ്യവിവരം ലഭിച്ചതനുസരിച്ചു നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുമായി യുവാവിനെ പിടികൂടിയത്.

കണ്ണൂര്‍ തെക്കി ബസാര്‍ മൊട്ടമ്മല്‍ റോഡ് തുടങ്ങുന്ന  സ്ഥലത്ത് വെച്ചാണ് 4.931 ഗ്രാം കഞ്ചാവും 4.631 ഗ്രാം  എം.ഡി. എം. എയുംകൈവശംവച്ചതിന്   നദീര്‍ പിടിയിലായത്.

ബംഗ്‌ളൂരില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്നും കഞ്ചാവും കൊണ്ടുവന്നു തളിപറമ്പിലും കണ്ണൂര്‍ ജില്ലയുടെ മറ്റുഭാഗങ്ങളിലും വില്‍പന നടത്തിവരികയായിരുന്നു നദീര്‍. തളിപറമ്പിലെ ധര്‍മശാല കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.

ധര്‍മശാലയിലെ രണ്ടു പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ  പെണ്‍കുട്ടികള്‍ക്ക് അടക്കമുളള വിദ്യാര്‍ത്ഥികള്‍ക്ക് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയതിന്റെ കോള്‍ ലിസ്റ്റും ഡിജിറ്റല്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഗൂഗിള്‍പേവഴിയാണ് ഇയാള്‍ പണം സ്വീകരിച്ചു മയക്കുമരുന്ന് രഹസ്യമായി എത്തിച്ചു നല്‍കിയിരുന്നത്.

പ്രതിക്കെതിരെ എന്‍.ഡി. പി. എസ് കേസെടുത്തു റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നേരത്തെയുളള എന്‍.ഡി പി. എസ് ആക്ടുപ്രകാരം കേസുണ്ടായിരുന്ന നദീര്‍ രണ്ടുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതിനു ശേഷം ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിനു ശേഷമാണ് വീണ്ടും മയക്കുമരുന്ന് വില്‍പന സജീവമാക്കിയിത്.  

പരിശോധനയില്‍  പ്രിവന്റീവ് ഓഫീസര്‍ നിസാര്‍കൂലോത്ത്, വി.കെ വിനോദ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്  സി.ജിതേഷ് എന്നിവരുണ്ടായിരുന്നു.

Tags