ആവേശ തുഴയെറിഞ്ഞ് കണ്ണൂർ കയാക്കത്തോൺ ചാമ്പ്യൻഷിപ്പ് : രജീഷ് കുളങ്ങരയും ഇ സ്വാലിഹയും ചാമ്പ്യന്മാർ

Kannur Kayakathon Championship: Rajish Kulangara and E Swaliha crowned champions
Kannur Kayakathon Championship: Rajish Kulangara and E Swaliha crowned champions

കണ്ണൂർ : വളപട്ടണം പുഴയുടെ ഓളങ്ങളെ തുഴക്കരുത്തിൽ കീഴടക്കി 'കണ്ണൂർ കയാക്കത്തോൺ 2024' ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ രജീഷ് കുളങ്ങരയും വനിതാ സിംഗിൾസിൽ ഇ. സ്വാലിഹയും ചാമ്പ്യന്മാരായി.

രജീഷ് കുളങ്ങര ഒരു മണിക്കൂർ 25 മിനിറ്റ് 36 സെക്കൻറും ഇ. സ്വാലിഹ ഒരു മണിക്കൂർ 36 മിനിറ്റ് 55 സെക്കൻറും എടുത്താണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ ഡബിൾസിൽ ആദർശ് പി അനിൽകുമാറും കെ ആർ കണ്ണനും അടങ്ങിയ ടീം ഒന്നാമതെത്തി. കഴിഞ്ഞ ചാമ്പ്യൻഷിപ്പിലും ഇവർക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം.

മിക്‌സഡ് ഡബിൾസിൽ ഷെയ്ബിൻ- നന്ദന ടീം ജേതാക്കളായി. പുരുഷന്മാരുടെ സിംഗിൾസിൽ തേജസ് രാഘവ് രണ്ടാമതും എൻ ആർ ആന്റണി മൂന്നാമതുമായി ഫിനിഷ് ചെയ്തു. വനിതകളുടെ സിംഗിൾസിൽ പി ദിൽഷയും വിൻഷ ശരത്തും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

kayakin

 പുരുഷന്മാരുടെ ഡബിൾസിൽ ആൽഫി ടോൺബി-അശ്വിൻ സുദേഷ് ടീം രണ്ടാം സ്ഥാനത്തും ഉത്തരാഖണ്ഡിലെ അർജുൻ സിങ് റാവത്ത്-ബ്രിജ്ബാൽ കുമാർ സഖ്യം മൂന്നാം സ്ഥാനത്തുമെത്തി. മിക്‌സഡ് ഡബിൾസിൽ പവിത്ര-ആദർശ് സഖ്യം രണ്ടാം സ്ഥാനവും പി അജയ്കൃഷ്ണ-ഭവാനി സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷന്മാരുടെ ഡബിൾസിൽ മൂന്നാമതെത്തിയ അർജുൻ സിങ് റാവത്ത്-ബ്രിജ്ബാൽ കുമാർ ഒഴികെ ബാക്കി എല്ലാവരും മലയാളികളാണ്.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച  ചാമ്പ്യൻഷിപ്പ് പറശ്ശിനിക്കടവിൽ കെ.വി. സുമേഷ് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, അസി. കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ എന്നിവർ പങ്കെടുത്തു. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്ന് രാവിലെ എട്ടിന് ആരംഭിച്ച മത്സരം രാവിലെ പത്ത് മണിയോടെ അഴീക്കൽ തുറമുഖത്ത് അവസാനിച്ചു. 11 കിലോ മീറ്റർ ദൂരത്തിലായിരുന്നു മത്സരം.

kayaking

അഴീക്കൽ പോർട്ട് പരിസരത്ത് നടന്ന ചടങ്ങിൽ കെ.വി. സുമേഷ് എം.എൽ.എ സമ്മാനദാനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, അസി. കളക്ടർ ഗ്രന്ഥേ സായ്കൃഷ്ണ, അഴീക്കൽ പോർട്ട് ഓഫീസർ ഇൻ ചാർജ് ടി ദീപൻ കുമാർ എന്നിവർ പങ്കെടുത്തു.
 
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട്, ഡൽഹി, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമായി 86 മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു.

kayaking

ഗ്രൂപ്പ് മത്സരത്തിന് ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 50000 രൂപയും രണ്ടാം സ്ഥാനത്തിന് 25000 രൂപയും മൂന്നാമതെത്തുന്നവർക്ക് 10000 രൂപയും ലഭിച്ചു.. ഓരോ വിഭാഗത്തിലും വ്യക്തിഗത മത്സര വിജയിക്ക് 25000രൂപയും, രണ്ടാം സ്ഥാനത്തിന് 15000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ലഭിച്ചു .

2022 ൽ തുടക്കം കുറിച്ച ചാമ്പ്യൻഷിപ്പിന്റെ രണ്ടാം എഡിഷനാണ് നടന്നത്. മത്സരാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിവിധ കരകളിൽ ആംബുലൻസ്, ബോട്ടുകളിൽ മെഡിക്കൽ ടീം, കുടിവെള്ളം, സ്‌ക്യൂബാ ടീം എന്നിവ ഒരുക്കിയിരുന്നു.

കൂടാതെ ആവശ്യമായ കുടിവെള്ളവും റിഫ്രഷ്മെന്റുകളും കയാക്കുകളിലും വിതരണം ചെയ്തു. ഗ്രാമസൗന്ദര്യം ആസ്വദിച്ചും കണ്ടലിന്റെ സമൃദ്ധി കണ്ടറിഞ്ഞുമുള്ള വ്യത്യസ്ത അനുഭവമായി മത്സരാർഥികൾക്ക് കയാക്കിങ്ങ്. നിരവധി തുരുത്തുകൾ, വളപട്ടണം റയിൽവേ പാലത്തിനു കീഴിലൂടെയുള്ള യാത്ര, ഓട് ഫാക്ടറികൾ, ചെറു തോണികളിലും കുട്ടവഞ്ചികളിലും നിന്നുള്ള മീൻ പിടുത്തം, കണ്ടൽക്കാടുകൾ. അങ്ങനെ പലവിധ കാഴ്ചകൾ അനുഭവിച്ചറിഞ്ഞും മനസ്സിൽ നിറച്ചും കൂടിയാണ് ഓരോ മത്സരാർഥിയും ഫിനിഷിങ് പോയന്റിൽ എത്തിയത്.

Tags