കണ്ണൂരിൽ ട്രെയിനിൽ നിന്നും രണ്ട് ഐഫോണുകൾ കവർന്ന 19 വയസുകാരൻ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ നിന്നും ട്രെയിനിൽ വച്ച് രണ്ട് ' ഐ ഫോണുകൾ മോഷ്ടിച്ച 19 വയസുകാരനെ കണ്ണൂർ ആർപിഎഫും പൊലീസുകാരായ ബിബിൻ മാത്യുവും സംഘവും പിടികൂടി.ഒക്ടോബർ 27 ന് പുലർച്ചെ 4:30 നും 05:45 നും ഇടയിൽ അന്ത്യോദയ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് നെയ്മുദ്ദീനും കൂട്ടുകാരനും ട്രെയിനിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന 1,03,500 രൂപവില വരുന്ന രണ്ട് ഐ ഫോണുകൾ കോഴിക്കോടിനും കണ്ണൂരിനും ഇടയിലെ യാത്രയ്ക്കിടെയിലാണ് കവർന്നത്.
മോഷണം പോയതിനെ തുടർന്ന് കണ്ണൂർ ആർ.പി.എസ് ൽ പരാതിപ്പെടുകയും സിഇഐ ആർ പോർട്ടിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടറുടെ കീഴിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അംഗങ്ങളും കേസെടുത്തു അന്വേഷണം നടത്തിയതിൽ പാലക്കാട് സ്വദേശിയായ കെ.എസ് മുഹമ്മദ് സുഹൈലാണ് (19) മോഷണം നടത്തിയതെന്നു കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് പൊലിസ് പ്രതിയെ തന്ത്രപരമായി പിടികൂടി മോഷണം പോയ ഫോണുകൾ കണ്ടെടുത്തു.ഇതിനു ശേഷം മോഷണം പോയ ഫോൺ ഉടമസ്ഥർക്ക് കൈമാറിയിട്ടുണ്ട്.