ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു

Happiness

കണ്ണൂർ : ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിതോത്സവം - 2024 സംഘാടക സമിതി രൂപീകരണ യോഗം കരിമ്പം കില കാമ്പസിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ സുധാകരൻ എം പി, ജോൺ ബ്രിട്ടാസ് എം പി, എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കണ്ണൂർ റൂറൽ എസ് പി എം ഹേമലത, ടി കെ ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി സന്തോഷ് കുമാർ, കെ സന്തോഷ്, ഷാജി എൻ കരുൺ എന്നിവർ രക്ഷാധികാരികളായും തളിപ്പറമ്പ് നഗരസഭ ഉപാധ്യക്ഷൻ കല്ലിങ്കീൽ പത്മനാഭൻ ചെയർമാനായും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ ജനറൽ കൺവീനറുമായുള്ള 101 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.

 തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ , സിനിമ താരങ്ങളായ സന്തോഷ് കീഴാറ്റൂർ , നിമില വിമൽ , സോഹൻ സിനു ലാൽ , സംവിധായകൻ പ്രതീപ് ചൊക്ലി എന്നിവരെ വൈസ് ചെയർമാൻമാരായി തെരഞ്ഞെടുത്തു. കൺവീനർമാരായി ഷെറി ഗോവിന്ദ്, ജിത്തു കോളയാട്, മനോജ് കാന എന്നിവരെ തെരഞ്ഞെടുത്തു.

ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പിലെ ആലിങ്കീൽ, ക്ലാസ്സിക് തിയ്യേറ്ററുകളിലായാണ് ചലച്ചിത്രോത്സവം നടത്തുന്നത്. ഐ എഫ് എഫ് കെ പ്രദർശിപ്പിച്ചിട്ടുള്ള അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ 35 ഓളം സിനിമകളാണ് പ്രദർശനത്തിനായി തെരഞ്ഞെടുത്തത്. ജനുവരി 10ന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. മേളയോടനുബന്ധിച്ച് ഓപ്പൺ ഫോറം, ടൂർ ഇൻ ടാകീസ് പര്യടനം തുടങ്ങിയ വിവിധ തരം പരിപാടികൾ നടത്തുന്നതിനായി സംഘാടക സമിതി യോഗത്തിൽ തീരുമാനമെടുത്തു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹാപ്പിനെസ് ഫെസ്റ്റിവൽ ചെയർമാനും ആന്തൂർ നഗരസഭ ചെയർമാനുമായ പി മുകുന്ദൻ, സംഘാടക സമിതിയംഗങ്ങളായ സിനിമ നടൻ സോഹൻ സിനുലാൽ, പ്രതീപ് ചൊക്ലി, കെ സന്തോഷ്, സിനിമാ സംവിധായകൻ ഷെറി ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.

Tags