കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നവജാതശിശുവിന്റെ ശരീരത്തിൽ കുത്തിവെപ്പ് സൂചി കുടുങ്ങിയ സംഭവം : പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

 Kannur Govt Medical College Hospital
 Kannur Govt Medical College Hospital

കണ്ണൂർ :  പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്ന് നവജാത ശിശുവിൻ്റെ കാലിൽ പഴുപ്പ് ഉണ്ടാകാനിടയായ സംഭവത്തിൽ കുറ്റക്കാരായ ഡോക്ടർക്കും നഴ്സിങ് സ്റ്റാഫുകൾക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ പരാതിയിൽ പരിയാരം പൊലിസ് കേസെടുത്തു.

പെരിങ്ങോം സ്വദേശി ടി.വി ശ്രീജുവാണ് പരാതി നൽകിയത്. ശ്രീജുവിൻ്റെ 25 ദിവസം പ്രായമായ മകൾക്ക് ആണ് കുത്തിവയ്പ്പിനെ തുടർന്ന് കാലിൽ പഴുപ്പ് കയറിയത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിൻ്റെ കലിൽ പഴുപ്പ് കയറിയ ഭാഗത്ത് നിന്ന് 3.7 സെൻ്റീമീറ്റർ നീളമുള്ള ഇഞ്ചക്ഷൻ നീഡിൽ പുറത്തെടുത്തിരുന്നു. 
പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പരിയാരം പൊലിസ് അന്വേഷണം തുടങ്ങി. പയ്യന്നൂർ ഡിവൈ.എസ്.പി കെ. വിനോദ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. 

ഡിസംബർ 24നാണ് പ്രസവം നടന്നത്. പിറ്റേ ദിവസം രണ്ട് വാക്സിൻ എടുത്തശേഷം ഡിസ്ചാര്‍ജ് ചെയ്തു. പിന്നിട് കുത്തിവെച്ച സ്ഥലത്ത് തുടുത്ത് വന്ന് പഴുക്കാൻ തുടങ്ങി. പഴുപ്പ് ഉണ്ടാകുമെന്ന് ആശുപത്രിയിൽ നിന്ന് പറഞ്ഞതിനാൽ ആദ്യം കാര്യമാക്കിയില്ല. കുറയാതിയപ്പോൾ പരിയാരത്ത് വന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ മരുന്ന് തന്ന് വിട്ടെങ്കിലും സമീപത്ത് തന്നെ മറ്റൊരു സ്ഥലത്ത് പഴുപ്പ് വന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. 

അവിടെ വച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. ഡിസംബർ 24 ന് കുഞ്ഞിനെ മാത്രം അകത്തു കൊണ്ടു പോയി വാക്സിനേഷൻ നടത്തിയ ശേഷം തിരിച്ചു കൊണ്ടുവരുകയായിരുന്നു.കൈയ്ക്കും കാലിനുമാണ് വാക്സിനെടുത്തതെന്നും അവര്‍ പറഞ്ഞിരുന്നുവെന്നാണ് പിതാവ് ശ്രീജു പറയുന്നത്.

Tags