കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്പസില്‍ സിപിഎം സൊസൈറ്റിയുടെ കൈയേറ്റത്തില്‍ നടപടി വേണം : അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

martin george
martin george

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് സൊസൈറ്റിയുടെ മറവില്‍ നടക്കുന്ന സിപിഎമ്മിന്റെ കൈയേറ്റത്തില്‍ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

സി.പി.എം. നിയന്ത്രണത്തിലുള്ള പാംകോസ് എന്ന സഹകരണ സ്ഥാപനത്തിന്റെ മറവില്‍ ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റലും നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ സ്ഥാപനത്തിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെല്ലാം ലംഘിച്ചാണ് ഇവിടെ നിന്നും പഴയ കെട്ടിടത്തിന്റെ വിലപിടിപ്പുള്ള മര ഉരുപ്പടികളൊക്കെ പുറമേക്ക് കടത്തുകയും ചെയ്യുന്നത്.

കെട്ടിടത്തിന്റെ മേല്‍പ്പുര പൊളിച്ച് മര ഉരുപ്പടികള്‍ കടത്തിക്കൊണ്ടുപോയതായി പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
കാന്റീന്‍ നടത്താന്‍ മുന്‍ ഭരണസമിതി അംഗീകാരം നല്‍കിയതിന്റെ മറവിലാണ് കാമ്പസിനകത്തെ പല സ്ഥലങ്ങളും കെട്ടിടങ്ങളും സിപിഎം സൊസൈറ്റി കൈയടക്കിയത്.  

1960-ല്‍ കേരള ഗാന്ധി കെ.കേളപ്പന്‍ നിര്‍മിച്ച് തുറന്നുകൊടുത്ത ചാച്ചാജി വാര്‍ഡ് എന്ന ചരിത്രപ്രധാന കെട്ടിടം സഹകരണബാങ്കായി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. ആവശ്യമായ അനുമതികളൊന്നുമില്ലാതെ ഭരണസ്വാധീനത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നടത്തുന്ന കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണം.

സര്‍ക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ അംഗീകാരമോ അനുമതിയോ ഇല്ലാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.  ഈ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Tags