കണ്ണൂർ ഗവ. എഞ്ചിനിയറിങ് കോളേജിൽ അന്താരാഷ്ട്ര സാങ്കേതിക സെമിനാർ ജൂൺ 21 ന് തുടങ്ങും
കണ്ണൂർ: ധർമ്മശാലയിലെ കണ്ണൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിൽ ജൂൺ 21,22 തിയ്യതികളിൽ അന്താരാഷ്ട്ര സാങ്കേതിക സെമിനാർ നടത്തുമെന്ന് പ്രിൻസിപ്പാൾ ഡോ. പി ജയപ്രകാശ് കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, പരമ്പരാഗത സങ്കേതിക വിദ്യകളെ അപ്പാടെ മാറ്റി മറിക്കുന്ന കാലഘട്ടത്തിൽ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചർച്ചകൾ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും.
പവർ, വാർത്താവിനിമയം, ഇൻ്റലിജൻ്റ്സിസ്റ്റം എന്നീ വിഭാഗങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നിന്നും നിരവധി സാങ്കേതിക വിദഗ്ധരും ഗവേഷകരും സമ്മേളനത്തിൽ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കും. 21 ന് രാവിലെ 10 മണിക്ക് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് നാല് മേഖലകളിലായി തിരിച്ച് പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കും.
പ്രൊഫ. ഭീം സിംഗ് (ഐഐടി ഡൽഹി ), ഡോ. ദീപു വി നായർ, ഡോ. രമാദേവി, ഡോ. ഉമാശങ്കർ പ്രിൻസ് സുൽത്താൻ സർവകലാശാല സൗദി അറേബ്യ തുടങ്ങിയവർ മുഖ്യ പ്രഭാഷണങ്ങൾ അവതരിപ്പിക്കും. 22 ന് വൈകുന്നേരം സമ്മേളനം സമാപിക്കും. വാർത്താ സമ്മേളനത്തിൽ ഡോ. മനോജ് കുമാർ എം വി , ഡോ. റഫീഖ് പി.സി, ഡോ. സി പ്രദീപ് കുമാർ പങ്കെടുത്തു.