കര്‍ഷക ആത്മഹത്യ, കാട്ടാന അക്രമണം, നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം, കടന്നപ്പളളിയുടെ തിരിച്ചുവരവ്, 2023-ന്റെ ഡയറി താളില്‍ സംഭവബഹുലം കണ്ണൂര്‍

google news
kannur

 കണ്ണൂര്‍:2023 വിട വാങ്ങിയപ്പോൾ  കണ്ണൂരിലെ വികസന മേഖലകളില്‍ വലിയ മുന്നേറ്റമൊന്നും ഉണ്ടായില്ലെങ്കിലും അടിസ്ഥാനപരമായ പല കാര്യങ്ങളിലും പുരോഗതി കൈവരിച്ചു. നവകേരള സദസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ പഴയങ്ങാടി എരിപുരത്ത്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും തിരുവന്തപുരം വരെ നീണ്ടുനിന്നു.  പുതിയ പ്രതീക്ഷയില്‍ കണ്ണൂര്‍ എം.എല്‍.എ കടന്നപ്പള്ളി രാമചന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയതുവെങ്കിലും അപ്രധാനവകുപ്പായ രജിസ്‌ട്രേഷനും മ്യൂസിയവും പുരാവസ്തുവും മാത്രം ലഭിച്ചതും തുറമുഖം കൈവിട്ടതും അഴീക്കലിന്റെ വികസന പ്രതീക്ഷള്‍ക്ക് തിരിച്ചടിയായി.

azheekkal

യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒരാള്‍ക്ക് പുനര്‍നിയമനം നല്‍കിയിട്ടില്ലാത്ത ചരിത്രം തിരുത്തി സംസ്ഥാനത്ത് ആദ്യമായി കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ രണ്ടാമതും വിസിയായി നിയമിക്കപ്പെട്ടു. ഇത് വലിയ രാഷ്ട്രീയ കോലാഹലമാണ് സൃഷ്ടിച്ചത്. എന്നാല്‍  സുപ്രീംകോടതി ഇടപെട്ട് നിയമനം റദ്ദാക്കി.

വി.സിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി തീര്‍പ്പ്.ഗോപിനാഥ് രവീന്ദ്രന്‍ ആദ്യ കാലാവധി പൂര്‍ത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് നാലു വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗിസ് ജൂലൈ 12ന് ചുമതലയേറ്റു. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്.

kannur vc
നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പഴയങ്ങാടിയല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൂച്ചട്ടികൊണ്ടും ഹെല്‍മറ്റ് കൊണ്ടും അടിച്ച് പരിക്കേല്‍പിച്ചത് കേരളത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് കാരണമായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് പറയുകയും ചെയ്തു. ഇത് വലിയ വിവാദമായി.

issue
സ്വര്‍ണകടത്ത് സംഘത്തില്‍ നിന്നും ലാഭവിഹിതം കൈപറ്റിയെന്നും ആകാശ് തില്ലങ്കരിക്ക് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നുമുള്ള പരാതിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഷാജിറിനെതിരെ പാര്‍ട്ടി അന്വേഷണത്തിന് ഉത്തരവിട്ടു.
കണ്ണൂര്‍ സര്‍വകലാശാല എം.എ ഇംഗ്ലീഷ് സിലബസില്‍ കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. മൈ ലൈഫ് ആസ് എ കൊമ്രേഡ് എന്ന ആത്മകഥയാണ് ഒന്നാം സെമസ്റ്ററിലെ ഇലക്റ്റീവ് കോഴ്സില്‍  ലൈഫ് റൈറ്റിങ് വിഭാഗത്തില്‍ ഉള്‍പെടുത്തിയത്. ഇത് നീക്കം ചെയ്യണമെന്ന് ശൈലജ തന്നെ പറഞ്ഞു.


ഇ.പി ജയരാജന്റെ ഭാര്യയും മകനും ബോര്‍ഡ് അംഗങ്ങളായിട്ടുള്ള മോറാഴയിലെ വൈദേഹം റിസോര്‍ട്ടിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പി. ജയരാജന്‍ ഉന്നയിച്ചത് ഫെബ്രുവരി മാസത്തിലാണ്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. കതിരൂര്‍ കുരുംബക്കാവിലെ കലശം വരവില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈവര്‍ഷം മൂന്ന് കര്‍ഷക ആത്മഹത്യകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

പേരാവൂരില്‍ കൊളക്കാടില്‍ കര്‍ഷകനായ ആല്‍ബര്‍ട്ട് ആത്മഹത്യ ചെയ്തു. കേരള ബാങ്ക് ശാഖയില്‍ നിന്നും ജപതി നോട്ടിസ് ലഭിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. കാട്ടാന ശല്യംമൂലം വീടും കൃഷിയിടവും ഉപേക്ഷിച്ച് വാടകവീട്ടില്‍ കഴിയേണ്ടിവന്ന മനോവിഷമത്തില്‍ അയ്യംകുന്നിലെ കര്‍ഷകന്‍ സുബ്രമണ്യന്‍ (71) ജീവനൊടുക്കിയത് നവംബര്‍ 17നാണ്.
പയ്യാവൂര്‍ ചീത്തപാറയില്‍ മറ്റത്തില്‍ ജോസഫ് ആത്മഹത്യ ചെയ്തു. കാര്‍ഷിക വായ്പ ഉള്‍പ്പെടെയുള്ള കടക്കെണിയായിരുന്നു കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.

suicide

സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ വിട പറഞ്ഞു. മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകും ബി.ജെ.പി മുന്‍ സംസ്ഥാന  സംഘടനാ സെക്രട്ടറിയുമായിരുന്ന പി.പി. മുകുന്ദന്‍ അന്തരിച്ചു. സ്വാതന്ത്ര്യസമര സേനാനി ഇ.കെ നാരായണന്‍ നമ്പ്യാരും  പോയവര്‍ഷം വിടവാങ്ങി.
പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമതപ്രവര്‍ത്തനം നടത്തിയതിന് കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ പി.കെ രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.

കണ്ണൂര്‍ ഡി.സി.സി സെക്രട്ടറിയായിരുന്ന സി. രഘുനാഥ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതും  കണ്ണൂരിലെ കോണ്‍ഗ്രസിന് തിരിച്ചടിയായി. കെ. സുധകരന്‍ എംപി ഫയല്‍ ചെയ്ത പാപ്പര്‍ ഹര്‍ജി കോടതി തള്ളി. ഇ.പി ജയരാജന്‍ വധശ്രമകേസില്‍ അന്യായമായ അറസ്റ്റ് ചെയ്തതില്‍ 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്കൊപ്പമാണ് പാപ്പരാണെന്ന് പറഞ്ഞിരുന്നത്.ടി.ഐ മധുസൂദനന്‍ എം.എല്‍.എ വീണ്ടും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലെത്തിയതാണ് സി.പി. എമ്മിലെ പ്രധാന സംഭവവികാസങ്ങളിലൊന്ന്. പയ്യന്നൂര്‍ പാര്‍ട്ടി ഓഫിസ് ഫണ്ട് വിവാദത്തെ തുടര്‍ന്ന്  ഇദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നുവെങ്കിലും ശക്തമായി തിരിച്ചുവരികയായിരുന്നു.

 ആരോപണമുന്നയിച്ച വി.കുഞ്ഞികൃഷ്ണനെ പ്രത്യേകക്ഷണിതാവായി കണ്ണൂര്‍ ജില്ലാകമ്മിറ്റിയിലേക്ക്‌കോപ്റ്റ് ചെയ്താണ് നേതൃത്വം ഇലയ്ക്കും മുളളിനും കേടില്ലാതെ പയ്യന്നൂരിലെ പ്രശ്‌നം പരിഹരിച്ചത്.   കെ.സുുധാകര ഗ്രൂപ്പിലെ ഫര്‍സീന്‍ മജീദിനെ തോല്‍പ്പിച്ചു എ വിഭാഗക്കാരനായ  യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി വിജില്‍ മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടതും 2023- പുതുമയായി. ശ്രീകണ്ഠാപുരം നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ് വിജില്‍ മോഹന്‍.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് കണ്ണൂര്‍ സബ് കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു. ദീപക് ചാലാട്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.


സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പൊലിസ് സ്റ്റേഷനായി കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനെ തെരഞ്ഞെടുത്തത് ജില്ലയുടെ നേട്ടങ്ങളിലൊന്നായി.

kannur police

വംശീയ കലാപത്തിന്റെ പേരില്‍ ഉപരിപഠനം നഷ്ടപ്പെട്ട മണിപ്പൂരിലെ വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല ഉപരിപഠനത്തിന് വഴിയൊരുക്കി. ഇവര്‍ക്ക് പഠിക്കാനും താമസിക്കാനാമുള്ള എല്ലാ സൗകര്യങ്ങളും സര്‍വകലാശാല നല്‍കി.
അന്താരാഷ്ട്ര കപ്പലുകള്‍ക്ക് അടുക്കാന്‍ നിയമപരമായ അനുമതി നല്‍കുന്ന ഇന്റര്‍നാഷണല്‍ ഷിപ്സ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി കോഡ്(ഐഎസ്പിഎസ്) അംഗീകാരം അഴീക്കല്‍ തുറമുഖത്തിന് ലഭിച്ചു.അടക്കയുടെ തൊലിയില്‍ നിന്നും ലിഥിയം അയോണ്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന നാനോ സിലിക്കണ്‍ നിര്‍മിച്ച് കണ്ണൂര്‍ സര്‍വകലാശാലയുടെ രസതന്ത്ര വിഭാഗം ഗവേഷകര്‍.


സര്‍വകലാശാലയുടെ പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന രസതന്ത്രവിഭാഗത്തിലെ അധ്യാപകരുടേതാണ് പുതിയ കണ്ടെത്തല്‍. മാഹി സെന്റ് തെരേസാസ് ദേവാലയത്തെ മലബാറിലെ പ്രഥമ ബസിലിക്കയായി ഉയര്‍ത്തിയതും ആദ്യമായി ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന് കണ്ണൂര്‍ വേദിയായതും കണ്ണൂരിന്റെ നേട്ടങ്ങളിലൊന്നായി.മട്ടന്നൂര്‍ കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആദ്യത്തെ ഹജ്ജ് വിമാനം ജൂണ്‍ നാലിന് പറന്നുയര്‍ന്നതു കണ്ണൂരിനെ അന്താരാഷ്ട്ര വ്യോമയാന രംഗത്ത് അടയാളപ്പെടുത്തി.


മാങ്ങാട്ടുപറമ്പ് ഇ.കെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായുള്ള മദര്‍ ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് അംഗീകാരം ലഭിച്ചു.
ധര്‍മടം മണ്ഡലത്തിലെ പടുവിലായിലെ വെണ്‍മണലിലെ ഐ.ടിപാര്‍ക്കിന് ഭരണാനുമതി ലഭിച്ചു. 2021ലെ ബജറ്റിലാണ് ഐടിപാര്‍ക്ക് വരുമെന്ന് പ്രഖ്യാപിച്ചത്.വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് വ്യത്യസ്തതകള്‍ സമ്മാനിക്കുന്ന ഡെസ്റ്റിനേഷന്‍ വെഡിംഗുകള്‍ക്ക് കണ്ണൂരിന്റെ പേരും എഴുതി ചേര്‍ക്കാനുള്ള ശ്രമത്തില്‍ ജില്ലാ ടൂറിസം വകുപ്പ്. ധര്‍മ്മടം കേന്ദ്രീകരിച്ചു പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയാണ് നിലവില്‍ നടക്കുന്നത്.

maradona
കായിക പ്രേമികളുടെ ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവില്‍ കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ജവഹര്‍ സ്റ്റേഡിയം നവീകരിച്ച് കളിക്ക് യോഗ്യമാക്കി. പരിയാരം മെഡിക്കല്‍ കോളജില്‍ സിന്തറ്റിക്ക് ട്രാക്കും ഫുട്‌ബോള്‍ മൈതാനവും മുഖ്യമന്ത്രി പിണായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പാപ്പിനിശേരി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിന് തുടക്കമായി. കണ്ണൂര്‍ നഗരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിരീക്ഷിക്കുന്നതിനും ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നവരെ നിരീക്ഷിച്ച് പൊലിസില്‍ വിവരം നല്‍കുന്നതിനുമായി കോര്‍പറേഷന്‍ പരിധിയില്‍ രണ്ടുകോടിയോളം രൂപ ചെലവഴിച്ച് 90 വയര്‍ലെസ് കാമറകള്‍ സ്ഥാപിച്ചു.  കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ പടന്നപ്പാലത്ത് മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ വെന്തുമരിച്ചത് ഫെബ്രുവരിയില്‍ കണ്ണൂരിനെ നടുക്കിയ സംഭവങ്ങളിലൊന്നാണ്. പ്രസവവേദനയെ തുടര്‍ന്ന് കാറില്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുറ്റിയാട്ടൂര്‍ സ്വദേശി റീഷയും ഭര്‍ത്താവ് പ്രജിത്തുമാണ് മരിച്ചത്. മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 11 കാരനെ തെരുവുനായ കടിച്ചുകൊന്നു.  ഇടക്കാട് സ്വദേശി നിഹാലാണ് മരിച്ചത്. സംസാരശേഷിയില്ലാത്ത കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ തെരുവുനായ അക്രമിച്ച് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മാക്കൂട്ടം ചുരത്തില്‍ യുവതിയുടെ രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവവും കണ്ണൂരിനെ നടുക്കി.  ചുരത്തില്‍ പ്ലാസ്റ്റിക് ശേഖരിക്കാന്‍ വനം വകുപ്പ് നിയോഗിച്ച സംഘത്തില്‍പെട്ടവരാണ് മൃതദേഹം കണ്ടത്.


ചെറുപുഴയില്‍ മൂന്ന് കുട്ടികളെയടക്കം അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത് നടുക്കമുണ്ടാക്കി. ശ്രീജ .ഷാജി ദമ്പതികളും ശ്രീജയുടെ ആദ്യവിവാഹത്തിലെ സൂരജ്, സുജിന്‍, സുരഭി എന്നീ കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാന ആക്രമത്തില്‍ രണ്ടു പേരാണ് പോയവര്‍ഷം കണ്ണൂരില്‍ കൊല്ലപ്പെട്ടത്. . ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കില്‍ താമസിക്കുന്ന രഘു(48) കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടു. ഉളിക്കല്‍ കാട്ടാന ആക്രമത്തില്‍ നെല്ലിക്കാം പൊയില്‍ സ്വദേശിയായ അക്രശേരി ജോസ് മരിച്ചത് ഒക്ടോബറിലാണ്.കതിരൂരില്‍  എല്‍.പി.ജി ഗ്യാസ് ഓട്ടോ കത്തി രണ്ട് പേര്‍ മരിച്ചു. കൊളവല്ലൂരിലെ അഭിലാഷ്, ഷിജിന്‍ എന്നിവരാണ് മരിച്ചത്.

വളപട്ടണത്ത് ഒരു കേസിലെ പ്രതിയെ പിടികൂടാനായി പോയപ്പോള്‍ പ്രതിയുടെ പിതാവ് പൊലിസിന് നേരെ വെടിയുതുര്‍ത്തു.
ഈ വര്‍ഷം കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു. കല്ലേറില്‍ ട്രെയിനില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന ബാലികയുടെ തലപൊട്ടി. കൂടാതെ ഒരു ദിവസം തന്നെ നിരവധി തവണ ട്രെയിനുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും നടന്നു. കണ്ണൂര്‍ സറ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ ബോഗി കത്തിച്ചു.

നിയന്ത്രണം വിട്ട പൊലിസ് ജീപ്പ്  കണ്ണൂര്‍ ജിപ്പ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയതാണ് മറ്റൊരു പ്രധാന  സംഭവം. പെട്രോള്‍ നിറയ്ക്കുന്ന മിഷനടക്കം തകര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.ഇരിട്ടി അയ്യന്‍കുന്നില്‍ പൊലിസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു.  . ശേഷം മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ടെന്ന് പോസ്റ്റര്‍ തിരുനെല്ലയില്‍ പ്രത്യക്ഷപ്പെട്ടു. കവിതയുടെ മരണത്തില്‍ പകരം വീട്ടുമെന്ന മാവോയിസ്റ്റ് ഭീഷണി ജില്ലയിലെ പൊലിസിനെ ജാഗ്രതയിലാക്കി.


പാനൂര്‍ മേഖലയെ ഭീതിയിലാഴ്ത്തി കിണറ്റില്‍ വീണ പുള്ളിപ്പുലി ചത്തു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ മയക്കുവെടി വച്ചു പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റില്‍ നിന്നും പുറത്തെടുത്തു കൂട്ടിലടച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട് കല്‍പറ്റയില്‍ വാഹനാപകടത്തില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസക്കോ കോളജിലെ ബിരുദ വിദ്യാര്‍ഥികളായ അഡോണി, ജിസ്ന മേരി ജോസഫ്, സ്നേഹ ജോസഫ്  എന്നിവര്‍ മരിച്ചത് പോയവര്‍ഷത്തെ കണ്ണീരായിമാറി.
കരിവള്ളൂര്‍ കൊടക്കാട് സ്വദേശിയായ കബഡി പരിശീലകന്‍ ഇ. ഭാസ്‌ക്കരന് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചത് അംഗീകാരമായി. ഭരണതലത്തിലും പോയവര്‍ഷം മാറ്റമുണ്ടായി.കണ്ണൂര്‍ ജില്ലാ കളക്ടറായി അരുണ്‍ കെ. വിജയന്‍, കണ്ണൂര്‍ ആര്‍.ടി.ഒ ആയി ഒ. പ്രമോദ്കുമാര്‍, എന്നിവര്‍ ചുമതലയേറ്റു. കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ ചുമതല ഡോ. ബിജോയ് നന്ദന്‍ ഏറ്റെടുത്തു

Tags