സമാധാനപരവും സുഗമവുമായ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം ; കണ്ണൂർ ജില്ലാ കലക്ടര്‍

google news
ssss

കണ്ണൂർ : സമാധാനപരവും സുഗമവുമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന്  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും  ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്. വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം‍ ശക്തമാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കാന്‍ എല്ലാ പാര്‍ട്ടികളും തയ്യാറാകണം. ജില്ലയിൽ ചെറിയ രീതിയിലുള്ള പെരുമാറ്റചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 നിയമലംഘനനങ്ങൾക്കെതിരെ നിക്ഷ്പക്ഷമായി ശക്തമായ നടപടിയെടുക്കുമെന്നും കലക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു. പ്രചരണത്തിന്റെ ഭാഗമായുളള വാഹനം, ഉച്ചഭാഷിണി എന്നിവയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങണം. ക്യാമ്പയിനുകള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സംഘര്‍ഷമില്ലാത്ത രീതിയില്‍ നടത്തണം. 85 വയസ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും പോസ്റ്റല്‍ വോട്ടുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഉറപ്പാക്കി മാത്രമേ പോസ്റ്റൽ ബാലറ്റ് നല്‍കുകയുള്ളൂ. പോസ്റ്റല്‍ വോട്ട് ചെയ്യുന്നവരുടെ ലിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് കൈമാറും. പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍ കുറ്റമറ്റ രീതിയില്‍ ഒരുക്കുമെന്നും സിസിടിവിയടക്കം സജ്ജീകരിക്കുമെന്നും കലക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ കേസുകളില്‍ പോലും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു. നേരത്തെ കേസില്‍പെട്ടവരാണെങ്കില്‍ അവര്‍ക്കെതിരെ മുന്‍കരുതല്‍ നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി തന്നെ പോളിങ് പൂര്‍ത്തിയാക്കാനുള്ള ശ്രദ്ധ പാര്‍ട്ടിപ്രവര്‍ത്തകർക്കും വേണമെന്നും പോളിങ് സമയം കഴിഞ്ഞതിനു ശേഷം ബൂത്തുകളില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ് പി എം ഹേമലത പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിആര്‍പിഎഫ് കമാന്‍ഡണ്ട് ഫബാഗ്രാവത്ത്, ചെലവ് നിരീക്ഷകരായ ആരുഷി ശര്‍മ(കണ്ണൂര്‍), ആനന്ദരാജ് (കാസര്‍കോട്), എഡിഎം കെ നവീന്‍ബാബു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ സി ഹരികൃഷ്ണന്‍ (സിപിഐഎം), ടി ഒ മോഹനന്‍, സി എം ഗോപിനാഥന്‍ (ഐഎന്‍സി), അഡ്വ. എം പി മുഹമ്മദലി (ഐയുഎംഎല്‍), സി പി സന്തോഷ് കുമാര്‍ (സിപിഐ), അഡ്വ. സികെ അംബിക സുധന്‍, അജയകുമാര്‍ മീനോത്ത്, എം രാമചന്ദ്രന്‍ (ബിജെപി), അഡ്വ. ശ്രീകാന്ത് രവിവര്‍മ (ബിഡിജെഎസ്), തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

Tags