കണ്ണൂരിൽ തെരുവുനായ ശല്യം: തദ്ദേശ സ്ഥാപന തലത്തിൽ ഷെൽട്ടർ പരിഗണിക്കണം

street dog
street dog

കണ്ണൂർ : കണ്ണൂർ ജില്ലയിൽ  തെരുവുനായ ശല്യം പരിഹരിക്കാൻ തദ്ദേശ സ്ഥാപനതലത്തിൽ ഷെൽട്ടർ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു. മറ്റ് നിർദേശങ്ങൾ: വന്യമൃഗശല്യം നേരിടുന്നതിന്റെ ഭാഗമായി കാട്ടുപന്നികളെ തുരത്തുന്നതിനുള്ള ചെലവ് തനത് ഫണ്ടിൽനിന്ന് വഹിക്കാൻ സർക്കാർ അനുമതി തേടാൻ തീരുമാനിച്ചു.

വൃക്കരോഗികൾക്ക് ഡയാലിസിസ് ധനസഹായം പദ്ധതിയുടെ നിർവ്വഹണം സർക്കാർ ഉത്തരവ് പ്രകാരം മെഡിക്കൽ ഓഫീസർമാർ തന്നെ നടത്തണം. വിസമ്മതം അറിയിക്കുന്ന മെഡിക്കൽ ഓഫീസർമാരുടെ വിവരം ഡിഎംഒ ശേഖരിക്കണം. അത്തരം ഉദ്യോഗസ്ഥരുടെ വിവരം ഡിസംബർ അഞ്ചിനകം ഡിപിസിക്ക് സമർപ്പിക്കണം.ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവ് സംബന്ധിച്ച വിവരം രണ്ടാഴ്ചയ്ക്കകം അറിയിക്കണം. ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലയിൽ ഏറ്റെടുത്ത പദ്ധതികൾ ഉപേക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശുചിത്വ, മാലിന്യ സംസ്‌കരണത്തിന് ഭൂമി ഏറ്റെടുക്കാൻ ജില്ലാ കലക്ടർക്ക് അധികാരമുണ്ട്. പുറമ്പോക്ക്, സർക്കാർ വകുപ്പ് ഉടമസ്ഥയിലുള്ള ലഭ്യമാവുന്ന ഭൂമിയുടെ വിവരം എന്നിവ തദ്ദേശ സ്ഥാപനങ്ങൾ അറിയിക്കണം. പാനൂർ, ഇരിട്ടി, തലശ്ശേരി നഗരസഭകൾ, അഞ്ചരക്കണ്ടി, ആറളം, അഴീക്കോട്, കതിരൂർ, കണിച്ചാർ, പായം, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവ വിവരം കൈമാറിയിട്ടുണ്ട്.
വെളിയിട വിസർജന വിമുക്ത (ഒഡിഎഫ്) പദവി നേടുന്നതിന്റെ ഭാഗമായി പൊതു ടോയ്‌ലറ്റുകൾ പരിശോധിക്കണം. ആവശ്യമുള്ളവ അറ്റകുറ്റപണി ചെയ്യണം. ലൈഫ് ഗുണഭോക്താക്കൾക്ക് വ്യക്തിഗത ടോയ്‌ലറ്റിന് ധനസഹായം ഉടൻ കൈമാറണം.

ശുചിത്വവുമായി ബന്ധപ്പെട്ട് വിടവുകൾ പരിശോധിച്ച് തദ്ദേശ സ്ഥാപനങ്ങൾ ഡിപിസിക്ക് ലഭ്യമാക്കണം. സ്‌മൈൽ പദ്ധതിക്ക് നഗരസഭകളും കോർപറേഷനും പദ്ധതിയിൽ തുക വകയിരുത്തണം. സ്ത്രീപദവി പഠനവുമായി ബന്ധപ്പെട്ട് കോർപ്പറേഷന്റെ കൈവശമുള്ള വിവരങ്ങൾ രണ്ട് ദിവസത്തിനകം കൈമാറണം. മിശ്രവിവാഹിതർക്ക് ധനസഹായം നൽകുന്ന പദ്ധതി ഏറ്റെടുക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കാനും നിർദേശം നൽകി.
ഡിസംബർ 15നകം ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവങ്ങൾ നടത്തണം. ഡിസംബർ 20, 21, 22 തീയ്യതികളിൽ കേരളോത്സവം ജില്ലാ കായിക മത്സരങ്ങളും ഡിസംബർ 27, 28, 29 തീയ്യതികളിൽ ജില്ലാ കലാ മത്സരങ്ങളും നടത്തും.

65 തദ്ദേശ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി ഭേദഗതി യോഗം അംഗീകരിച്ചു. ഡിപിസി ചെയർപേഴ്‌സൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ഡിപിസി അംഗങ്ങളായ അഡ്വ. ബിനോയ് കുര്യൻ, അഡ്വ. ടി. സരള, ഡിപിഒ നെനോജ് മേപ്പടിയത്ത്, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Tags