കണ്ണൂർ 'ജില്ലാ ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി വരുന്നു ; ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്

Kannur District Hospital E Health Project Coming Online booking from now on
Kannur District Hospital E Health Project Coming Online booking from now on

ഇ-ഹെൽത്ത് പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കുന്നതോടെ എല്ലാ സർക്കാർ ആശുപത്രികളേയും ഒറ്റ നെറ്റ് വർക്കിന്റെ ഭാഗമാക്കി മാറ്റാൻ കഴിയും.

കണ്ണൂർ : കണ്ണൂർ ' ഗവ. ജില്ലാ ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാവുമെന്ന് ആർഎംഒ ഡോ. സുവിൻ മോഹൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ-ഹെൽത്ത് വെബ് പോർട്ടൽ മുഖേനയാണ് അപ്പോയിന്റ്‌മെന്റ് എടുക്കാൻ സാധിക്കുക. ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം.

അങ്ങനെ ലഭിക്കുന്ന തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് നിശ്ചിത തീയതിയിൽ ആശുപതികളിലേക്കുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാൻ സാധിക്കും. ഇ ഹെൽത്ത് ഉള്ള എല്ലാ ആശുപത്രികളിലും ഈ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കാം. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കൺ എടുക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഇ-ഹെൽത്ത് പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കുന്നതോടെ എല്ലാ സർക്കാർ ആശുപത്രികളേയും ഒറ്റ നെറ്റ് വർക്കിന്റെ ഭാഗമാക്കി മാറ്റാൻ കഴിയും. ഇതോടെ ചികിത്സക്കായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പോകുമ്പോൾ, രോഗികൾക്കു തങ്ങളുടെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള രേഖകൾ കൊണ്ടു നടക്കേണ്ടിവരില്ല. ടെസ്റ്റുകൾ ആവർത്തിച്ചു ചെയ്യേണ്ടിയും വരില്ല. രോഗനിർണയം മുതൽ ചികിത്സ നൽകൽ വരെ ഇതു വേഗത്തിലാക്കും. ഇതോടെ ഒപി ടിക്കറ്റിനായി ജില്ലാ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നത് നേട്ടമാണ്. തിരക്ക് കുറഞ്ഞ സമയമായതിനാലാണ് ഇപ്പോൾ ഇ ഹെൽത്തിന്റെ ട്രയൽ ഇപ്പോൾ നടത്തുന്നത്. തിരക്ക് കുറക്കാനായി നാല് കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കണ്ണൂർ ജില്ലയിൽ ഏറ്റവും അധികം രോഗികൾ വരുന്ന ആശുപത്രിയായി ജില്ലാ ആശുപത്രി മാറിയിട്ടുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ പറഞ്ഞു. ഒരു ദിവസം മൂവായിരത്തി അഞ്ഞൂറിലധികം പേരാണ് എത്തുന്നത്. ജില്ലാ ആശുപത്രിയിൽ നിശ്ചയിക്കുന്ന വളണ്ടിയർമാർ അല്ലാതെ പുറത്തുനിന്നുള്ള വളണ്ടിയർമാരെ ഒഴിവാക്കണം. അത് ആശുപത്രിയുടെ സേവനങ്ങളെ ബാധിക്കുന്നു. ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള വിവര ശേഖരണം നടക്കുന്നത് മൂലമാണ് ഇപ്പോൾ സമയം എടുക്കുന്നത്.

പുതിയ ബ്ലോക്ക് പദ്ധതി ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. അതിൽ ബാക്കിയുള്ള 15 കോടി ഉപയോഗിച്ച് പഴയ കെട്ടിടം പൊളിച്ച് പുതിയ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചതായും പ്രസിഡൻറ് അറിയിച്ചു.മറ്റ് യോഗ തീരുമാനങ്ങൾ: കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ ശ്മശാനത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കൽ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വിഹിതമായി ഒരു ലക്ഷം രൂപ അനുവദിക്കും. കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിക്കും.

ജെൻഡർ റിസോഴ്‌സ് സെൻററിലെ താൽക്കാലിക ജീവനക്കാർക്ക് തനതുഫണ്ടിൽനിന്ന് ശമ്പളം നൽകുന്നതിന് നടപടി സ്വീകരിക്കാൻ വനിതാ ശിശുവികസന ഓഫീസർക്ക് പ്രസിഡൻറ് നിർദേശം നൽകി.
ജില്ലാ ആശുപത്രി ഹെൽപ്‌ഡെസ്‌ക് ജീവനക്കാരുടെ വേതനം വർധിപ്പിക്കാനുള്ള നിർദേശം അംഗീകരിച്ചു. മാടായി, പാപ്പിനിശ്ശേരി സ്‌കൂളുകളുടെ പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ കരാറുകാരുടെ കാലാവധി നീട്ടി നൽകും.

പാച്ചേനി, ചെറുപുഴ സ്‌കൂളുകളിലെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാകാത്തതിനാൽ കരാർ പുതുക്കി നൽകും. വേങ്ങാട് സ്‌കൂളിലെ ചുറ്റുമതിലും പാചകപ്പുരയും അപകടാവസ്ഥയിലാണെന്ന സ്‌കൂൾ അധികൃതരുടെ പരാതി പരിശോധിക്കാൻ എക്‌സിക്യുട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. വയോജന മെഡിക്കൽ ക്യാമ്പുകൾ നടത്താൻ ആയുഷ് വകുപ്പിന്റെ കീഴിലെ ഹോമിയോ വകുപ്പിന് അനുമതി നൽകി.

മുൻ രാജ്യസഭാംഗവും സിപിഐ(എം) ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. കെ കെ രത്‌നകുമാരി, വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. ടി സരള, അംഗങ്ങളായ എൻ പി ശ്രീധരൻ, തോമസ് വക്കത്താനം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ എന്നിവർ സംസാരിച്ചു.

Tags