കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മാധ്യമങ്ങൾക്ക് വിലക്ക്

Kannur District Panchayat President Election on 14th
Kannur District Panchayat President Election on 14th

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. വ്യാഴാഴ്ച രാവിലെ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ജില്ലാ പഞ്ചായത്ത് ഹാളിലെത്തിയ മാധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞു. വരണാധികാരിയായ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് പോലീസ് പറയുന്നത്. ഒപ്പം ഉന്നത ഉദ്യോ​ഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക്‌ പ്രവേശിക്കാൻ സാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. 

അതേസമയം ജില്ലാ പഞ്ചായത്ത് അംഗമായ പി.പി. ദിവ്യ വോട്ടെടുപ്പിന് എത്തില്ല. ദിവ്യ സ്ഥലത്തെത്തിയാൽ പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. പഞ്ചായത്തിനു പുറത്ത് വലിയ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 

എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണവിധേയ ആയതിനെത്തുടർന്ന് പി പി ദിവ്യ രാജിവച്ചതിനെ തുടർന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നത്. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയിൽ 17 അംഗങ്ങൾ എൽ.ഡി.എഫും ഏഴ് അംഗങ്ങൾ യു.ഡി.എഫുമാണ്. 

ബാലറ്റ് വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം കളക്ടറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പുതിയ പ്രസിഡന്റ് അധികാരമേൽക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.കെ. രത്നകുമാരിയാണ് സി.പി.എമ്മിന്റെ സ്ഥാനാർഥി. കോൺഗ്രസിലെ എം. ജൂബിലി ചാക്കോ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കും.

Tags