കണ്ണൂരിന്റെ വികസനത്തിന് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കോര്‍പ്പറേഷന്‍ മുഖാമുഖം
കണ്ണൂർ : കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് സര്‍ക്കാരും വ്യാപാരി വ്യവസായ മേഖലയിലെ സംരംഭകരും ഒറ്റക്കെട്ടായി നിന്നാല്‍ കണ്ണൂരിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വേഗം കൂടുമെന്ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച മുഖാമുഖം. ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ ജോബ് ഫെയറിന്റെ ഭാഗമായി നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ നടത്തിയ മുഖാമുഖം സദസാണ് കണ്ണൂരിന്റെ വികസനകുതിപ്പിനുള്ള ചര്‍ച്ചാവേദിയായി മാറിയത്. നമ്മുടെ നാട്ടില്‍ സംരംഭങ്ങള്‍ കൂടുതല്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ സഹായത്താല്‍ വ്യാപാരി വ്യവസായികളും ശ്രമിക്കണമെന്നും അതുവഴി കൂടുതല്‍ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖാമുഖം സദസ് അഭിപ്രായപ്പെട്ടു.
കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒന്നിച്ച് കൈകോര്‍ത്താല്‍ കണ്ണൂര്‍ നഗരത്തില്‍ വികസന വളര്‍ച്ചയിലൂടെ വന്‍മുന്നേറ്റം സാധ്യമാക്കാനാകുമെന്ന് മേയര്‍ പറഞ്ഞു. ഗ്ലോബല്‍ ജോബ് ഫെയറില്‍ വിദേശ കമ്പനികളെ കൊണ്ടുവരുന്നത് വഴി മറ്റൊരു വികസന ഇടനാഴി കൂടിയാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. പഠനത്തോടൊപ്പം ജോലിയെന്ന ആശയത്തില്‍ ഊന്നി പാര്‍ട് ടൈം ജോലി നല്‍കാനും ഗ്ലോബല്‍ ജോബ് ഫെയര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതിനായി വ്യാപാരി-വ്യവസായികളുടെ സഹകരണം അനിവാര്യമാണെന്നും മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പറഞ്ഞു.
ആവശ്യമായ തൊഴില്‍ നൈപുണ്യമുള്ളവരെ ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചേമ്പര്‍ സെക്രട്ടറിയും വിദ്യാഭ്യാസ സംരംഭകനുമായ സി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഉദ്യോഗാര്‍ഥികളുടെ അഭിരുചിക്കനുസരിച്ചല്ല പല സംരംഭകരും തൊഴില്‍ നല്‍കുന്നതെന്ന് വ്യവസായി ടി പി അബ്ബാസ് ഹാജി പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ തൊഴില്‍പരിശീലനം നല്‍കാന്‍ സംരംഭകര്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായ സമിതി പ്രതിനിധി സി മനോഹരന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ ഫോര്‍ട്ട് വഴി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അബ്ദുല്‍ഖാദര്‍ പനക്കാട്ട് പറഞ്ഞു. പഠനത്തിനും ജോലിക്കുമായി മറ്റിടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ തന്നെ കൂടുതല്‍ സംരംഭങ്ങള്‍ കൊണ്ടുവരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ വി സലീം പറഞ്ഞു.
സര്‍ക്കാരിന്റെ സഹകരണത്തോടെ നിരവധി സംരംഭങ്ങള്‍ തുടങ്ങാന്‍ സാധ്യതകളുണ്ടെന്നും അത് ഉപയോഗപ്പെടുത്താന്‍ സംരംഭകര്‍ തയ്യാറാകണമെന്നും കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് സി അബ്ദുല്‍കരീം വ്യക്തമാക്കി. തൊഴിലില്ലായ്മല്ല തൊഴിലിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് യുവത്വം നേരിടുന്ന പ്രശ്‌നമെന്ന് ഫ്യൂമ ഫൗണ്ടര്‍ പ്രസിഡന്റ് കെ പി രവീന്ദ്രന്‍ പറഞ്ഞു. വ്യവസായ കേന്ദ്രം ജില്ലാ ജനറല്‍മാനേജര്‍ കെ എസ് അജിമോന്‍, ചേമ്പര്‍ പ്രസിഡന്റ് ടി കെ രമേശ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. സംരംഭക വര്‍ഷത്തില്‍ കോര്‍പ്പറേഷനില്‍ 2392 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞെന്നും ഇതിലൂടെ 6409 തൊഴിലവസരം സൃഷ്ടിക്കാന്‍ സാധിച്ചെന്നും അജിമോന്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര ആമുഖ ഭാഷണം നടത്തി. ചേമ്പര്‍ ട്രഷറര്‍ നാരായണന്‍കുട്ടി, അംഗം ഹാഷിഖ് മാമു, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ സുരേഷ് ബാബു എളയാവൂര്‍, എം പി രാജേഷ്, സിയാദ് തങ്ങള്‍, വി കെ ശ്രീലത, ഷാഹിന മൊയ്തീന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, വിവിധ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ മുഖാമുഖത്തില്‍ സംസാരിച്ചു.