കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നൈപുണ്യവികസന പരിശീലനം വിജകരമായി പൂർത്തിയാക്കിയ മുഴുവൻ പേർക്കും തൊഴിൽ ലഭിച്ചു: നിയമന ഉത്തരവ് വിതരണം ചെയ്തു
കണ്ണൂർ: കേരള സർക്കാർ പട്ടികജാതി വികസനവകുപ്പ് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലെ അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനൾക്ക് തൊഴിൽ നേടാൻ നൈപുണ്യവികസന പദ്ധതി നടപ്പിലാക്കി തൊഴിൽ ദാതാവായി കണ്ണൂർ കോർപറേഷൻ' കണ്ണൂർ കോർപ്പറേഷൻ 2023- 24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തലശ്ശേരി എൻ. ടി. ടി. എഫുമായി സഹകരിച്ചാണ് തൊഴിൽ പരിശീലനം സംഘടിപ്പിച്ചത്.
പാലയാട് അസാപ് എൻ ടി ടി എഫ് കേന്ദ്രത്തിൽ നിന്നും സി. എൻ സി വെർട്ടിക്കൽ മില്ലിംഗ് ആന്റ് ടേണിംഗ് പരീശീലനം വിജയകരമായി പൂർത്തീകരിച്ച മുഴുവൻ പേർക്കും തൊഴിൽ ലഭ്യമായി. ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ മൾട്ടി നാഷണൽ കമ്പനികളിലാണ് തൊഴിൽ നിയമനം ലഭിച്ചത്.
കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ നിയമന ഉത്തരവ് കൈമാറി. ഡെപ്യൂട്ടി മേയർ അഡ്വ: പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. എൻ. ടി. ടി. എഫ് പ്രിൻസിപ്പൾ അയ്യപ്പൻ ആർ പദ്ധതി വിശദീകരിച്ചു. കണ്ണൂർ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർ സുനിൽകുമാർ സംസാരിച്ചു.