കണ്ണൂര്‍ കോര്‍പറേഷന്‍ വികസന ഫണ്ട് വിനിയോഗം 63.49 ശതമാനമെന്ന്‌ മേയര്‍

mayor

കണ്ണൂര്‍ : 2023-24 സാമ്പത്തിക വര്‍ഷം വാര്‍ഷിക പദ്ധതിയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 63.49 % തുക (ട്രഷറിയില്‍ പെന്റിങ് ഉള്‍പ്പെടെ) വിനിയോഗിച്ചതായി മേയര്‍ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.

ഇതില്‍ പൊതു വിഭാഗത്തില്‍ 71.42 % വും, പട്ടികജാതി വിഭാഗത്തില്‍ 80.24 ശതമാനവും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 2.96%,  മെയിന്റനന്‍സ് ഫണ്ടിനത്തില്‍ 97 ശതമാനവും വിനിയോഗിച്ചിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് യഥാസമയം ഫണ്ട് നല്‍കാതെയും ട്രഷറിയില്‍ നല്‍കിയ ബില്ലുകള്‍ പാസാക്കാതെ മാസങ്ങളോളം പിടിച്ചു വെച്ചും സര്‍ക്കാര്‍ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.

ജൂലൈ മാസം നല്‍കേണ്ട രണ്ടാം ഗഡു അനുവദിച്ചത് ഡിസംബര്‍ മാസത്തിലും, ഡിസംബറില്‍ നല്‍കേണ്ട   പദ്ധതി വിഹിതത്തിന്റെ അവസാന ഗഡു ലഭിച്ചത് ഈ മാസം 22 നും ആണ്.

അന്നേദിവസം വൈകുന്നേരം അഞ്ചുമണി വരെ ലഭിക്കുന്ന ബില്ലുകള്‍ മാത്രമേ പാസാക്കി നല്‍കേണ്ടതുള്ളൂ എന്ന നിര്‍ദ്ദേശം ട്രഷറികള്‍ക്ക് നല്‍കുകയും ചെയ്തു. ഇതുകാരണം പൊതുമരാമത്ത് പ്രവര്‍ത്തികളുടെത് ഉള്‍പ്പെടെ  നിരവധി ബില്ലുകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സ്ഥിതി ഇത് തന്നെയാണ്.

 തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ക്കിടയിലും പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ സംസ്ഥാനത്ത് താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സാധിച്ചിട്ടുണ്ട് എന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും മേയര്‍ പറഞ്ഞു.

Tags