കണ്ണൂർ കോർപറേഷൻ സംരഭകത്വ ബോധവൽക്കരണ ശിൽപ്പശാല നടത്തി
കണ്ണൂർ: ജില്ല വ്യവസായ കേന്ദ്രത്തിന്റെയും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി സംരംഭകത്വ ബോധവൽക്കരണ ശില്പശാല കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ചു. ശില്പശാല മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.
പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് യുവജനങ്ങൾ മുന്നോട്ട് വരണമെന്നും പുതിയ സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായം എപ്പോഴും ലഭ്യമാണെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, എന്നിവർ സംസാരിച്ചു.
80 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ വ്യവസായ വകുപ്പിൻ്റെ പദ്ധതികൾ, നടത്തിപ്പ്, നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ ക്ലാസ് കണ്ണൂർ താലൂക്ക് ഉപജില്ല വ്യവസായ ഓഫീസർ ഷിനോജ് കെയും വായ്പ മാനദണ്ഡങ്ങൾ സംബന്ധിച്ച് എസ്.ബി ഐ പ്രതിനിധി ബിപിനും വിശദീകരിച്ചു. ചടങ്ങിൽ വ്യവസായ വികസന ഓഫീസർ പി.വി മഹിജ സ്വാഗതവും കണ്ണൂർ കോർപ്പറേഷൻ ഇ.ഡി ഇ ഹരിപ്രിയ നന്ദിയും പറഞ്ഞു.