ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് 1.18 കോടി; ഹാപ്പി എല്‍ഡേഴ്സിനായി ഹാപ്പിനെസ് ലാബ്; വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകി കണ്ണൂർ കോർപറേഷൻ ബജറ്റ്

kannur corporation

കണ്ണൂർ: വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകി കണ്ണൂർ കോർപറേഷൻ ബജറ്റ്. കൌൺസിൽ യോഗത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര അവതരിപ്പിച്ച ബജറ്റ് സമഗ്ര മേഖലകൾക്കും ഊന്നൽ നൽകുന്നു. 62,46,22,269 രൂപ ഓപ്പണിങ് ബാലൻസും 337,59,43,286 രൂപയുടെ പ്രതീക്ഷിത വരവും ഉൾപ്പെടെ ആകെ 400,05,65,555 രൂപ വരവും 331,80,87,893 രൂപ ചെലവും 68,24,77,662 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 

അതിദരിദ്ര്യര്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം, മരുന്ന് വിതരണം എന്നിവ കൂടാതെ അവരെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും സുസ്ഥിര വരുമാനം ലക്ഷ്യമിട്ടുകൊണ്ട് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനുള്ള ധനസഹായവും ഉള്‍പ്പെടെ നല്‍കുന്നതിനായി 1.18 കോടി രൂപ ന്വീക്കി വച്ചു. അംഗപരിമിതരുടെ ക്ഷേമത്തിനായി 1.75കോടി രൂപയും വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 1.4 കോടി രൂപയും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്കായി ഡേകെയര്‍ സെന്‍റര്‍ ആരംഭിക്കുമെന്നും നീര്‍ച്ചാല്‍, ഉദയംകുന്ന് എന്നിവിടങ്ങളില്‍ വയോജന വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ഡെപ്യൂട്ടി മേയർ ബജറ്റിൽ വ്യക്തമാക്കി.

വയോജനങ്ങളുടെ മാനസികാരോഗ്യത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഹാപ്പിനെസ് ലാബ് സ്ഥാപിക്കും. ഹാപ്പിനെസ് കൗണ്‍സലിംഗ് സെന്‍ററുകള്‍, ഹാപ്പി എല്‍ഡേഴ്സ് പാര്‍ക്കുകള്‍, വയോജനങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ഹാപ്പി എല്‍ഡേഴ്സ് ടൂറുകള്‍, പ്രൊഫഷണല്‍ ജോലികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് സാമൂഹിക വികസന പ്രക്രിയയില്‍ സന്നദ്ധ സേവനം നടത്തുന്നതിനായി ഹാപ്പി എല്‍ഡേഴ്സ് റിസോഴ്സ് പൂളുകള്‍ എന്നീ പദ്ധതികളാണ് ഹാപ്പിനെസ് ലാബിലൂടെ നടപ്പിലാക്കുക. 

വിവിധ വനിതാക്ഷേമ പദ്ധതികള്‍ക്കായി 2.89 കോടി, ആരോഗ്യമേഖലയ്ക്ക് 4.5 കോടി , വിദ്യാഭ്യാസ മേഖലയ്ക്ക് - 2.90 കോടിയും കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി 66 ലക്ഷവും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. അങ്കണവാടികളിലെ ശിശു പോഷണ പൂരക പദ്ധതിക്ക് മാത്രമായി 1.75 കോടി രൂപ വകയിരുത്തി. കൂടാതെ അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ശിശുസൗഹൃദമാക്കുന്നതിനും, കളിക്കോപ്പുകള്‍ വാങ്ങുന്നതിനും, സ്മാര്‍ട്ട് ടിവി, വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങുന്നതിനും മറ്റുമായി 1 കോടി രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്. 

തുടര്‍വിദ്യാഭ്യാസ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് (പത്താമുദയം, തുല്യതാ പഠനം) 9 ലക്ഷം രൂപയും പട്ടികജാതി ക്ഷേമ പദ്ധതികള്‍ക്ക് 3.7 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പട്ടികവര്‍ഗക്ഷേമ പദ്ധതികള്‍ക്ക് 36 ലക്ഷം മത്സ്യബന്ധന മേഖലയ്ക്ക് 1 കോടി, കാര്‍ഷിക മേഖലയ്ക്ക് 2.2 കോടി, ശുചിത്വം, മാലിന്യ സംസ്ക്കരണത്തിന് 10 കോടി, ഭവനപദ്ധതികള്‍ക്കായി 9.5 കോടി എന്നിങ്ങനെയും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

മൈതാനപ്പള്ളിയില്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്റിന് 124 കോടി. എയര്‍ക്വാളിറ്റി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോര്‍പറേഷന്‍റെ വിവിധ ഭാഗങ്ങളില്‍ മിയാവാക്കി വനം സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയും കക്കാട് പുഴയോരത്ത് പക്ഷിസങ്കേതം നിർമ്മിക്കാൻ 5 ലക്ഷം രൂപയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി കടല്‍ മത്സ്യ വിഭവ മേളകള്‍ സംഘടിപ്പിക്കുവാന്‍ 2 ലക്ഷവും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

വാരംകടവില്‍ ഇക്കോപാര്‍ക്കിന് 5 ലക്ഷം, സ്വാഗതകമാനങ്ങള്‍ക്ക് 20 ലക്ഷം, തെക്കീബസാറിലും ഗാന്ധി സര്‍ക്കിളിനു സമീപവും ആധുനിക ഷോപ്പിംഗ് കോംപ്ലക്സുകള്‍ നിർമ്മിക്കാൻ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം, ചേലോറയില്‍ ഫുഡ്കോര്‍ട്ടും പെട്രോള്‍പമ്പും ഉള്‍പ്പെടെയുള്ള ഹാല്‍ട്ടിംഗ് പോയിന്‍റ് നിർമ്മിക്കാൻ പ്രാരംഭചെലവുകള്‍ക്ക് 8 ലക്ഷം, കോര്‍പറേഷന്‍റെ ആസ്ഥാന മന്ദിരം തുടര്‍ പ്രവര്‍ത്തികള്‍ക്ക് 10 കോടി,
മരക്കാര്‍കണ്ടിയില്‍ ഹെല്‍ത്ത് ഡിവിഷന്‍ കാര്യാലയത്തിന് 10 ലക്ഷം, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ബസ്ബേകളും വെയ്റ്റിംഗ് ഷെല്‍ട്ടറുകളും നിർമ്മിക്കാൻ 50 ലക്ഷം എന്നിങ്ങനെയും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

മറ്റു പ്രധാന പദ്ധതികൾ:

*       പശ്ചാത്തല മേഖലയ്ക്ക് 30 കോടി
*       റെസ്ക്യൂ ഡാറ്റാബാങ്ക് - 2 ലക്ഷം
*       ഓപണ്‍ജിമ്മുകള്‍ക്ക് 40 ലക്ഷം
*    കളറാക്കാം കണ്ണൂര്‍ - നഗരസൗന്ദര്യവല്‍ക്കരണത്തിന് 3 കോടി
*    ഡിജിറ്റല്‍ സിറ്റി പദ്ധതി - 5 ലക്ഷം :
*    കണ്ണൂര്‍ ഫിന്‍-സിറ്റി പദ്ധതി - 25 ലക്ഷം
*    കണ്ണൂര്‍ ഓട്ടോ ആപ്പ് - 3 ലക്ഷം
*    കണ്ണൂര്‍ സൈബര്‍ വര്‍ക്ക് സ്പേസ് - 10 ലക്ഷം
*      ടൂറിസ്റ്റുകള്‍ക്കായി ഇലക്ട്രിക്ക് ബസ് സര്‍വ്വീസ് - 50 ലക്ഷം
*      സിറ്റി ഓഫ് ഫോക് ആര്‍ട്സ് - 5 ലക്ഷം
*      വനിതോല്‍സവത്തിന് ഒരു ലക്ഷം രൂപ

കുടുംബശ്രീ സംരംഭകര്‍ക്ക് വഴികാട്ടുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിനും സ്കില്‍ ഡെസ്ക് , കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണികണ്ടെത്തുന്നതിന് വിപുലമായ മാസച്ചന്തകള്‍ , യുവസംരംഭകരെ പ്രോത്സാഹിപ്പാിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് കണ്ണൂര്‍ എന്ന പദ്ധതി, കോര്‍പ്പറേഷന്‍ പരിധിയിലെ സ്കൂളുകള്‍, കോളേജുകള്‍, വായനശാലകള്‍, കുടുംബശ്രീ യൂണിറ്റുകളില്‍ ഉള്‍പ്പെടെ ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്‍ററുകള്‍, നഗരത്തിന് 100% ഫിനാന്‍ഷ്യല്‍ ലിറ്ററസി കൈവരിക്കാനായി കുടുംബശ്രീ, സ്കൂളുകള്‍, കോളേജുകള്‍, വായനശാലകള്‍ തുടങ്ങിയവരെ കോര്‍ത്തിണക്കികൊണ്ട് ഫിന്‍-ലേണ്‍ പദ്ധതി തുടങ്ങിയവയും ആരംഭിക്കുമെന്നും ഡെപ്യൂട്ടി മേയർ പി ഇന്ദിരാ ബജറ്റിൽ പറഞ്ഞു.