സ്വന്തം പ്രവൃത്തികൊണ്ടാണ് കലക്ടർക്ക് ചികിത്സ തേടേണ്ടി വന്നത് : എൻ. ഹരിദാസ്

Collector had to seek treatment due to his own actions: N. Haridas
Collector had to seek treatment due to his own actions: N. Haridas

കണ്ണൂർ : കലക്ടർ അരുൺ കെ വിജയൻ പ്രഷർ കൂടി ആശുപത്രിയിൽ ചികിത്സ തേടിയത് സ്വന്തം പ്രവൃത്തികൊണ്ടാണെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് പറഞ്ഞു.

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തെ കുറിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറുടെ ഔദ്യോഗിക വസതിക്കു മുൻപിൽ നടത്തിയ പ്രതിഷേധ ദീപം തെളിയിക്കൽ സമരത്തിൽ പങ്കെടുത്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയെങ്കിലും നീതിയുക്തമായി പ്രവർത്തിക്കാൻ കലക്ടർ തയ്യാറാകണം. കലക്ടറെ മാറ്റി നിർത്താൻ ശേഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. എന്തുകൊണ്ടാണ് കലക്ടറെ മാറ്റി നിർത്താത്തത്. അല്ലെങ്കിൽ കലക്ടർ സ്വയം മാറി നിൽക്കണമായിരുന്നു.

നടന്ന സംഭവങ്ങളിൽ തനിക്കെതിരെയുള്ള അന്വേഷണം കഴിയുന്നതുവരെ കലക്ടർ സ്വയം മാറി നിൽക്കണമായിരുന്നു. അന്വേഷണം കഴിഞ്ഞാൽ കലക്ടർക്ക് അഗ്നി ശുദ്ധി വരുത്തി തിരിച്ചു വരാൻ കഴിയുമായിരുന്നു. കലക്ടർക്ക് കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ കൊണ്ടു നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത് ശരിയല്ല.

സിറ്റിങ് ജഡ്ജിയെ കൊണ്ടുള്ള ജുഡീഷ്യൽ അന്വേഷണമാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്നും എൻ. ഹരിദാസ് പറഞ്ഞു. നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ എം.വി ഗോവിന്ദന് പങ്കുണ്ട്. അദ്ദേഹത്തിൻ്റെ മകനും പാർട്ടിയിലെ ചില നേതാക്കൾക്കും പങ്കുണ്ടെന്നും അതുകൊണ്ടാണ് സർക്കാർ കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും ഹരിദാസ് പറഞ്ഞു.

Tags