കണ്ണൂർ സെൻട്രൽ ജയിലിൽ ചുണ്ടൊപ്പിന് വിട; ഇനി കൈയൊപ്പിലേക്ക്
കണ്ണൂര്‍: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിരക്ഷരരെ കണ്ടെത്തി പേരെഴുതി ഒപ്പിടാനുള്ള പരിശീലനം നല്‍കിയ കൈയൊപ്പ് പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിച്ചു. ഇതോടെ ചുണ്ടൊപ്പിന് വിട നൽകി എല്ലാവരും പേരെഴുതി ഒപ്പിടുന്ന ജയിലായി കണ്ണൂർ സെൻട്രൽ ജയിൽ മാറി. കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷൻ ഹോം ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ജയിൽ അന്തേവാസികളായ 978 പേരുടെ വിവരശേഖരണം നടത്തി കണ്ടെത്തിയ നിരക്ഷരരായ 51 പേർക്ക് ജയിൽ സ്കൂളിലാണ് പ്രത്യേക പരിശീലനം നൽകിയത്. അക്ഷരലോകത്ത് എത്തിയ അന്തേവാസികൾക്ക് ജയിലിൽ തന്നെ തുടർ വിദ്യാഭ്യാസം നൽകും. നാലാം തരത്തിന് 13 പേരും ഏഴാംതരത്തിന് അഞ്ച് പേരും പത്താംതരത്തിന് 12 പേരും ഹയർസെക്കൻഡറിക്ക് 13 പേരും ജയിലിൽ നിലവിൽ പരിശീലനം നേടുന്നുണ്ട്.
ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാൽ ഇവർക്ക് തുടർ പഠനസൗകര്യവും സാക്ഷരതാ മിഷൻ ഒരുക്കും. ചടങ്ങിൽ കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം സൂപ്രണ്ട് കെ വേണു അധ്യക്ഷനായി. വെൽഫയർ ഓഫീസർ സി ഹനീഫ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ, പി ഡി ടീച്ചർ പി എ ഫവാസ്, സംഘടനാ നേതാക്കളായ കെ അജിത്ത്, റിനേഷ് സി പി എന്നിവർ സംസാരിച്ചു.