കണ്ണൂരിൽ ഓണം കളറാക്കാൻ ജയിൽ അന്തേവാസികളും
കണ്ണൂരിലെ ജയിലുകൾക്ക് കുറ്റവും ശിക്ഷയുടെതും മാത്രമല്ല മറ്റു ചില കാര്യങ്ങളും ഈ ലോകത്തോട് പറയാനുണ്ട്. ജയിലിൽ നിന്നും അന്തേവാസികളുണ്ടാക്കുന്ന ഫ്രീഡം ചപ്പാത്തിയും ചിക്കൻ ബിരിയാണിയും ചിപ്സുമെല്ലാം ജനപ്രീയ വിഭവങ്ങളാണിന്ന്. മുടി മുറിക്കാനും മുഖം മിനുക്കാനുമുള്ളവർക്ക് ഫ്രീഡം സലൂണും ജയിൽ വളപ്പിലുണ്ട്. ദേശീയപാതയോരത്ത് പള്ളിക്കുന്നിൽ ഒരു ഹൈടെക് പെട്രോൾ പമ്പും ജയിൽ വകുപ്പ് നടത്തിവരുന്നുണ്ട്.
കൃഷിയാണ് കണ്ണൂർ നഗരത്തിലെ തെക്കി ബസാറിൽ സ്ഥിതി ചെയ്യുന്ന സ്പെഷ്യൽ സബ്ജയിലിന്റെ ഹൈലൈറ്റ്സ്. നെല്ല്, പച്ചക്കറി, വാഴ തുടങ്ങി മഞ്ഞൾ വരെ ഇവിടെ ഏക്കറു കണക്കിന് സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. അതൊക്കെ നൂറുമേനി വിളവ് നൽകുന്നതിനാൽ ജയിൽ വകുപ്പിന് നല്ല വരുമാനവും ലഭിക്കുന്നുണ്ട്.
എന്നാൽ ഇക്കുറി ഓണംകളറാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഒരു കൂട്ടം അന്തേവാസികൾ. കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പു പദ്ധതിയുടെ ഭാഗമായാണ് ഇവർ ഒന്നര ഏക്കർ സ്ഥലത്ത് ചെണ്ടുമല്ലി പൂകൃഷി ചെയ്തത്. കഴിഞ്ഞ ജൂലായ് മാസമാണ് ജില്ലാ പഞ്ചായത്ത് 1500 ചെണ്ടുമല്ലി തൈകൾ സ്പെഷ്യൽ ജയിലിലേക്ക് കൈമാറിയത്. അന്തേവാസികൾ വിയർപ്പൊഴുക്കി പണിയെടുത്തതിനാൽ നല്ലൊരു പൂപ്പാടം തന്നെ ഒരുക്കാൻകഴിഞ്ഞു.
കുടകിലെ ചെണ്ടുമല്ലിപ്പാടം പോലെ പൂക്കളുടെ മഞ്ഞവസന്തം തന്നെ വിരിഞ്ഞിരിക്കുകയാണ് ഇവിടെ. ഓണകാലത്ത് ഈ പൂക്കൾ കണ്ണൂർ നഗരത്തിൽ വിറ്റഴിക്കുമെന്ന് ജയിൽ സൂപ്രണ്ട് ഇവി ജിജേഷ് അറിയിച്ചു. ജയിൽ അന്തേവാസികളുടെ പ്രയത്നത്താൽ വിരിഞ്ഞ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ജയിൽ ഡി.ഐ.ജി ബി സുനിൽ കുമാറിന് പൂക്കൾ ഇറുത്തു നൽകി ഉദ്ഘാടനം ചെയ്തു.
ഇനിയുള്ള ദിവസങ്ങളിൽ ജയിലിൽ പൂക്കാലത്തിന്റെ വിളവെടുപ്പാണ്. കണ്ണൂരുകാരുടെ ഓണംകളറാക്കാൻ തങ്ങളാൽ കഴിയും വിധം ചെയ്യുകയാണ് ജയിൽ അന്തേവാസികളും. പുക്കളുടെ വർണശബളിതയും നറു ഗന്ധവും തേടുന്നതിലുടെ ജീവിതത്തിലെ നന്മകൾ തേടുകയാണ് തടവുകാർ.