കണ്ണൂരിന്റെ പ്രീയ എഴുത്തുകാരന്‍ ടി. എന്‍ പ്രകാശിന് നാടിന്റെ യാത്രാമൊഴി

google news
Kannur beloved writer T N Prakash funeral ceremony

കണ്ണൂര്‍: പ്രശസ്ത എഴുത്തുകാരന്‍ ടി. എന്‍ പ്രകാശിന് ജന്മനാടിന്റെ യാത്രാമൊഴി. മലയാള സാഹിത്യ ലോകത്തിന് നാട്ടുഭാഷയുടെ നര്‍മ്മമധുരവും ലാളിത്യവും സമ്മാനിച്ച പ്രീയ എഴുത്തുകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ വിവിധ തുറകളില്‍ നിന്നുളള നൂറുകണക്കിനാളുകളാണ് വലിയന്നൂരിലെ വീട്ടില്‍ എത്തിച്ചേര്‍ന്നത്. കണ്ണൂര്‍ സൗത്ത് എ. ഇ.ഒയായി വിരമിച്ചതിനു ശേഷം വര്‍ഷങ്ങളായി സ്‌ട്രോക്ക് വന്നു ചികിത്‌സയിലായിരുന്ന ടി. എന്‍ പ്രകാശ് എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് തന്റെ 68-ാംമത്തെ വയസില്‍  മരണമടയുന്നത്.

ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത മലയാളത്തിലെ സാംസ്‌കാരിക ലോകം ശ്രവിച്ചത്. സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, മുഖ്യമന്ത്രിക്കു വേണ്ടി പൈവ്രറ്റ് സെക്രട്ടറി കെ.കെ രാഗേഷ്. സി.പി. എം കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി രാജേഷ് തുടങ്ങിയവര്‍ പുഷ്പചക്രമര്‍പ്പിച്ചു.  ജില്ലാ പഞ്ചായത്തംഗം വി.കെ സുരേഷ്ബാബു,

സി.പി. എം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി കെ.കെ ബാബുരാജ്, ജനതാദള്‍ നേതാവ് വി.കെ ദിവാകരന്‍, എഴുത്തുകാരന്‍ പി.കെ പാറക്കടവ്, മുസ്‌ലിംലീഗ് ജില്ലാപ്രസി. അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ ടി. എന്‍ പ്രകാശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ പയ്യാമ്പലം ശ്മശാനത്തില്‍ കണ്ണൂരിന്റെ പ്രീയ എഴുത്തുകാരന്റെ ഭൗതീക ശരീരം സംസ്‌കരിച്ചു.

Tags