ഓട്ടോ പാര്‍ക്കിംഗിനെ ചൊല്ലി കണ്ണൂരില്‍ തൊഴിലാളികള്‍ തമ്മിലുളള തര്‍ക്കം കൈയ്യാങ്കളിയിലെത്തി

auto

കണ്ണൂര്‍ : പാര്‍ക്കിംഗിനെ ചൊല്ലി ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം കയ്യാങ്കളിയിലെത്തി. കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്ത് സര്‍വ്വീസ് നടത്തുന്ന ഓട്ടോ റിക്ഷകള്‍ കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്ത് നിന്നുള്ള ഓട്ടോറിക്ഷകള്‍ നഗരത്തില്‍ പാര്‍ക്ക് ചെയ്ത് ആളുകളെ കയറ്റുന്നതിനെതിരെ നേരത്തെ മുതല്‍ തര്‍ക്കമുണ്ടായിരുന്നു.

പാര്‍ക്ക് ചെയ്യാന്‍ മോട്ടോര്‍ വെഹിക്കള്‍ വിഭാഗം നല്‍കുന്ന  സ്റ്റിക്കര്‍ ഇല്ലാതെ സര്‍വ്വീസ് ചെയ്യുന്നത് തടയുമെന്ന് കോര്‍പ്പറേഷന്‍ പരിധിയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ ഉടമകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെ എന്‍ എസ് തിയേറ്ററിനടുത്ത പാര്‍ക്കിംഗ് കേന്ദ്രത്തിന് സമീപം വെച്ച് കോര്‍പ്പറേഷന് പുറത്ത് ഓടുന്ന ഓട്ടോ റിക്ഷക്കാരന്‍ ആളെ കയറ്റുന്നത് കണ്ട് ഇത് ചോദ്യം ചെയ്തപ്പോള്‍ അവിടെ നിന്നും ഓട്ടോയുമായി കടന്നുകളഞ്ഞു.

ഇതേ തുടര്‍ന്ന് മറ്റ് ഓട്ടോ റിക്ഷക്കാര്‍ രക്ഷപ്പെട്ട ഓട്ടോ താലൂക്ക് ഓഫീസിന് മുന്നില്‍ തടയുകയും ചെയ്തു. ഇതോടെയാണ് സംഘര്‍ഷത്തിലേക്ക് കടന്നത്. അരമണിക്കൂറിലധികം നഗരപരിധിയില്‍ ഓട്ടോ ഓടിക്കുന്നവരും നഗരത്തിന് പുറത്ത് ഓട്ടോ ഓടിക്കുന്നവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു.
സ്വതന്ത്ര ഓട്ടോ റിക്ഷാ തൊഴിലാളിയൂനിയന്‍ നേതാവ് ലക്ഷ്മണന്റെ നേതൃത്വത്തിലാണ് ഓട്ടോ റിക്ഷ തടഞ്ഞത്.

ഇവിടെ നിന്നും ഓട്ടോ റിക്ഷ എടുക്കാന്‍ വിടില്ലെന്നും പോലീസ് എത്തിയതിന് ശേഷം തീര്‍പ്പുണ്ടാക്കി പോയാല്‍ മതിയെന്നായിരുന്നു ഓട്ടോ തടഞ്ഞവരുടെ നിലപാട്. ഇതോടെ നഗരപരിധിക്ക് പുറത്ത് നിന്നും കൂടുതല്‍ ഓട്ടോറിക്ഷക്കാര്‍ എത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും നീ ഇനി സിറ്റിയിലോട്ട് വാ അവിടെവെച്ച് കാണാം എന്ന തരത്തില്‍ വെല്ലുവിളിക്കുകയും ചെയ്തതോടെ വാക്കേറ്റം ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു.

ഇതിനിടെ പോലീസിനെ വിളിച്ചുവെങ്കിലും ട്രാഫിക്ക് പോലീസ് സ്റ്റേഷനില്‍ നിന്നോ ടൗണ്‍ പോലീസ് സ്റ്റേഷിനില്‍ നിന്നോ ആരും വന്നില്ല. ഇതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. പോലീസിനെ വിവരം അറിയിച്ച് ഒരുമണിക്കൂറിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതും ഓട്ടോഡ്രൈവറെയും ഓട്ടോയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.

കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും കോര്‍പ്പറേഷന് പുറത്തേക്ക് പോയാല്‍ അവിടെയുള്ള പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നും ആളുകളെ കയറ്റാന്‍ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതേ നിയമം കോര്‍പ്പറേഷന് പുറത്ത് നിന്നും നഗരപരിധിയിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്കും ബാധകമാണ്. ഇത് സംബന്ധിച്ച് കോടതി ഉത്തരുവുണ്ടെന്നും അത് പാലിക്കാത്തവരെ ഇനിയും തടയുമെന്ന് സ്വതന്ത്രഓട്ടോ റിക്ഷ യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.

Tags