കണ്ണൂർ നഗരത്തിൽ രണ്ടിടങ്ങളിൽ മോഷണം നടത്തിയ തലശേരി സ്വദേശി അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ നഗരത്തിൽ രണ്ടിടങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തളാപ്പിലെ സിഎസ്ഐ പള്ളിയിലും പള്ളിക്കുന്നിലെ വീട്ടിലും മോഷണം നടത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്.
തലശേരി തിരുവങ്ങാട് സ്വദേശി എ.കെ.സിദ്ദിഖിനെയാണ്(60) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ മോഷണം നടന്നത്.തളാപ്പിലുള്ള റബേക്ക ഫ്രാൻസിസ് സിഎസ്ഐ പള്ളിയിലെ ഓഫീസ് മുറിയിൽ നിന്ന് സിസിടിവിയുടെ ഡിവിആർ, പോർട്ടബിൾ സ്പീക്കർ എന്നിവയും പള്ളിക്കുന്നിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട 17000 രൂപ വില വരുന്ന സൈക്കിളുമാണ് കവർന്നത്.
സിഎസ്ഐ പള്ളി വികാരി ഫാ. ജോയ് അലക്സ് ഡി യുടെ പരാതിയിലും പള്ളിക്കുന്ന് സ്വദേശിനി രജിന സുരേഷിന്റ(45) പരാതിയിലുമാണ് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ഇന്നലെ രാത്രി കണ്ണൂർ നഗരത്തിൽ നിന്നാണ് പ്രതി പിടിയിലായത്.