ആറു വർഷമായിട്ടും കണ്ണൂർ വിമാനതാവളത്തിൽ നിന്നും ലാഭവിഹിതമില്ല : കടക്കെണിയിൽ നട്ടം തിരിഞ്ഞ് ഓഹരി ഉടമകൾ
കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളം സർക്കാരിൻ്റെതാണോ അതോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണോയെന്ന ചോദ്യത്തിന് ആറു വർഷം കഴിഞ്ഞിട്ടും ഇതുവരെ വ്യക്തമായില്ലെന്ന ആരോപണവുമായി ഓഹരി ഉടമകൾ. സംസ്ഥാനംഭരിക്കുന്ന മുഖ്യമന്ത്രിയാണ് വിമാനതാവളത്തിൻ്റെ ചെയർമാൻ.
മന്ത്രിമാരിൽ ചിലർ ഡയറക്ടർമാരുമാണ് സർക്കാർ ഓഹരികളുണ്ടെങ്കിലും കണ്ണൂർ വിമാന താവളം പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടക്കത്തിൽ സ്വകാര്യ വ്യക്തികളിൽ നിന്നും ഓഹരികൾ വാങ്ങുന്നതിനുള്ള സൗകര്യമായാണ് കമ്പിനി രൂപീകരിച്ചതെന്നാണ് അറിയിച്ചിരുന്നത്. സർക്കാരിനെ വിശ്വസിച്ച് പൊതുമേഖലാ ബാങ്കുകളും പ്രവാസികളും തദ്ദേശിയരും ഉൾപ്പെടെ 1300 ലേറെ കോടി രൂപയാണ് വിമാനതാവളത്തിനായി നിക്ഷേപിച്ചത്.
എന്നാൽ പ്രവർത്തനം ആരംഭിച്ചിട്ട് ആറുവർഷം കഴിഞ്ഞിട്ടുംഒരു ചില്ലിക്കാശുപോലും ലാഭവിഹിതമായി ഇവർ ക്കാർക്കും ഇന്നേവരെ നൽകിയിട്ടില്ല. 700ലേറെ കോടി രൂപയുടെ നഷ്ടത്തിലാണ് വിമാനതാവള കമ്പിനിയായ കിയാൽ മുൻപോട്ടു പോകുന്നത്. കേന്ദ്ര സർക്കാർ പോയൻ്റ് ഓഫ് കോൾ അനുമതി നൽകാത്തതിനാൽ താൽപ്പര്യമുണ്ടായിട്ടും വിദേശകമ്പിനികൾക്ക് സർവീസ് നടത്താൻ കഴിയുന്നുമില്ല.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ കളികളാണ് ഇതിനു പിന്നിലെന്ന ആരോപണമാണ് കണ്ണൂരിലെ എം.പിമാർ തന്നെ ഉയർത്തുന്നത്. കേരളത്തിലെ മറ്റു വിമാനതാവളങ്ങളെക്കാൾ യാത്രാ നിരക്കുകൂടിയതിനാൽ കണ്ണൂർ ജില്ലയിലെ പ്രവാസികൾ പോലും കരിപ്പൂരിനെയും നെടുമ്പാശേരിയെയും ആശ്രയിക്കേണ്ട ഗതികേടിലാണ്.
വിമാനതാവളത്തിന് അധിക വരുമാനം നേടാൻ കാർഗോ കോംപ്ളക്സു വഴി ഉൽപ്പന്നങ്ങൾ കയറ്റിറക്കുമതി ചെയ്യാനുള്ള നീക്കം നടത്തിയിരുന്നുവെങ്കിലും അതും തുടക്കത്തിലേ പാളി. ഇതിൽ നിന്നുംദ്രവീഡിയൻ എയർ കമ്പിനി പിൻമാറിയത് കിയാൽ എം.ഡിയുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് ഓഹരി ഉടമകൾ ആരോപിക്കുന്നത്.
ധൂർത്തിൻ്റെയും കെടുകാര്യസ്ഥതയുടെയും വിളനിലമായി നവാഗത വിമാനതാവളമായ കണ്ണൂർ മാറി കഴിഞ്ഞുവെന്ന ആരോപണവും ശക്തമാണ്.
ഡയറക്ടർ ബോർഡ് പോലും അറിയാതെ പാർട്ടി കൊടി നോക്കിയുള്ള നിയമനങ്ങളും കുത്തി തിരുകലുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പമാണ് ധൂർത്തും ധാരാളിത്തവും. നടമാടുന്നത്.30 ലക്ഷമാണ് നിലവിലെ എം.ഡിയുടെ പ്രതിവർഷശമ്പള പാക്കേജ്. കഴിഞ്ഞ നാലാം തീയ്യതി മുതൽ അതു വീണ്ടും കൂട്ടിക്കൊടുക്കുകയും ചെയ്തു. ഈ വൻ തുക ശമ്പളമായി വാങ്ങുമ്പോഴും എന്തെങ്കിലും ഗുണപരമായ മാറ്റങ്ങൾ വിമാനതാവളത്തിൽ കാണുന്നില്ല.
നേരത്തെ സർക്കാർ തുളസിദാസിനെ എം.ഡി യായി നിയോഗിച്ചപ്പോൾ ചെറുതായെങ്കിലും ചലനമുണ്ടായിരുന്നു. സർക്കാർ ശമ്പളം വാങ്ങുന്ന ഐ.എ.എസുകാരെ നിയോഗിക്കാതെ എയർലൈൻ രംഗത്തു വലിയ പിടിപാടൊന്നുമില്ലാത്ത ഒരാളെ തലപ്പത്ത് വെച്ചതിനു പിന്നിലും രാഷ്ട്രീയ താൽപര്യമുണ്ടെന്ന ആരോപണമുണ്ട്.
സി.പി.എം നടത്തുന്ന സഹകരണ സ്ഥാപനങ്ങളിലൊന്നിൻ്റെ നിലവാരം മാത്രമേ കണ്ണൂർ വിമാനതാവളത്തിനും ഇപ്പോഴുള്ളൂ. അടിമുടി പാർട്ടി നിയമനവും ഇടപെടലുകളും കാരണം കുത്തഴിഞ്ഞു കിടക്കുകയാണ് കണ്ണൂരിൻ്റെ വ്യോമയാന കേന്ദ്രം.
മണലാരണ്യത്തിൽ കിടന്ന് വിയർപ്പൊഴുക്കി നേടിയ സമ്പാദ്യമാണ് പ്രവാസി സംരഭകർ കണ്ണൂർ വിമാനതാവളത്തിനായി ഓഹരിയായി വിനിയോഗിച്ചത്. ലാഭവിഹിതം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ബാങ്കുകളിൽ നിന്നും വായ്പയായി കോടികളെടുത്ത് നൽകിയവരുമുണ്ട്. എന്നാൽ ഇവരെയെല്ലാം വഞ്ചിച്ചു കൊണ്ടു ഒരുറുപ്പികപോലും തിരിച്ചു കൊടുക്കാൻ കിയാലിന് കഴിഞ്ഞിട്ടില്ല കണക്കും കൈയ്യുമില്ലാതെ വെള്ളരിക്കാപട്ടണമായി കണ്ണൂർ വിമാനതാവള കമ്പിനി മാറിയെന്നാണ് ഓഹരി ഉടമകൾ തന്നെ പരസ്യമായി കുറ്റപ്പെടുത്തുന്നത്.
എന്നാൽ തങ്ങളുടെ വികാരം അറിയിക്കാനുള്ള വാർഷിക പൊതുയോഗം പോലും കൃത്യമായി നടത്തുന്നില്ലെന്നാണ് ഇവർ പറയുന്നത്. കൊവിഡിന് ശേഷം ഓൺലൈനായാണ് യോഗങ്ങൾ ചേരുന്നത്. കൊവിഡ് കാലത്ത് ഇങ്ങനെ ചേരാമെങ്കിലും ഇപ്പോൾ അത്തരമൊരു സാഹചര്യമില്ലാത്തതിനാൽ എന്തുകൊണ്ടു ഓഫ് ലൈൻ യോഗം ചേരുന്നില്ലെന്നാണ് ഷെയർ ഉടമകളുടെ ചോദ്യം.
ചെയർമാനായ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം ആകെ ചേരുന്നത് 20 മിനുട്ട് മാത്രമാണ്. ഈ യോഗത്തിലാകട്ടെ ആയിരത്തോളം പേർ പങ്കെടുക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങൾക്ക് പറയാനുള്ള കാര്യം എവിടെപ്പോയി പറയുമെന്നാണ് ഷെയർ ഉടമകൾ ചോദിക്കുന്നത്. നേരത്തെ തിരുവനന്തപുരത്തെ ഹോട്ടലിലാണ് യോഗം ചേർന്നിരുന്നത്. ഓഹരി ഉടമകളുടെ നിർബന്ധം കാരണമാണ് കണ്ണൂരിലേക്ക് മാറ്റിയത്.
ഇതിനു ശേഷമാണ് കൊവിഡ് പരിഗണിച്ചു ഓൺലൈൻ യോഗം ചേരാൻ തുടങ്ങിയത്. എന്നാൽ ഇതു സൗകര്യമാക്കി കൊണ്ടു ഓൺലൈൻ വാർഷിക പൊതുയോഗങ്ങൾ തുടരുന്നത് തങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കലാണെന്നാണ് ഓഹരി ഉടമകൾ പറയുന്നത്. ഇതിനെതിരെ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന് പരാതി നൽകി കാത്തിരിക്കുകയാണ് ഇവർ.
ഈ മാസം 23 നാണ് കിയാൽ വാർഷിക പൊതുയോഗം ഓൺലൈനായി ചേരുന്നത്. 35 ശതമാനം ലാഭ വിഹിതമാണ് കൊച്ചിയിലെ വിമാന കമ്പിനിയായസിയാൽ ഓഹരി ഉടമകൾക്കു നൽകി വരുന്നത്. എവിയേഷൻ ഇതര വരുമാനവും വൻ സോളാർപ്ളാൻ്റും അവർക്കുണ്ട്. സിയാലിനെക്കാൾ ഭൗതിക സാഹചര്യമുണ്ടായിട്ടും ഇതൊന്നും നേടാൻ ശ്രമിക്കാതെ ഉറക്കം നടിക്കുകയാണ് കണ്ണൂർ വിമാനതാവള കമ്പനി അധികൃതരെന്നാണ് ഓഹരി ഉടമകളുടെ പരാതി.