കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജരെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് സംയുക്ത അധ്യാപക സമിതി

Kadampur Higher Secondary School manager should be removed from the capital.
Kadampur Higher Secondary School manager should be removed from the capital.

കണ്ണൂർ:  വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കേണ്ട എയ്ഡഡ് സ്കൂളിൽ ഒരു വശത്ത് നിയമനം നടത്താതെയും മറു വശത്ത് നിയമാനുസൃതമല്ലാതെ നിയമനം നടത്തിയും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജരെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് സംയുക്ത അധ്യാപക സമിതി യോഗം ആവശ്യപ്പെട്ടു.

അനധികൃത പണപ്പിരിവിലൂടെ കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് രക്ഷിതാക്കളെ കൊള്ളയടിക്കുകയും ഡിപ്പാർട്മെൻ്റിനും സർക്കാരിനുമെതിരെ നിരന്തരം കേസുകൾ ഫയൽ ചെയ്ത് അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യുന്ന കടമ്പൂർ സ്കൂൾ താൽക്കാലിക മാനേജർ പി.മുരളീധരനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്ന്സംയുക്ത അധ്യാപക സമിതി യോഗംആവശ്യപ്പെട്ടു.


   ഹയർ സെക്കണ്ടറി വിഭാഗത്തിൽ 2011-12, 2014-15 വർഷങ്ങളിൽ അഡീഷണൽ ബാച്ചുകൾ അനുവദിച്ചു വാങ്ങിയ മാനേജർ ബാച്ചുകൾക്ക് അനുസൃതമായ അധ്യാപക നിയമനം നടത്താത്തതും സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകർക്ക് പകരം നിയമനം നടത്താത്തതുമാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ള പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. ഡിപ്പാർട്മെൻ്റിൻ്റെ അനുമതി വാങ്ങാതെ ഹയർ സെക്കൻണ്ടറി വിഭാഗം സ്കൂളിൽ നിന്നും അകലെയായുള്ള മറ്റൊരു സി.ബി.എസ്. ഇ സ്കൂൾ കോമ്പൗണ്ടിലേക്ക് മാറ്റിയ മാനേജർ അവിടെ ആവശ്യമായ ഭൗതിക സാഹചര്യങ്ങളോ സുരക്ഷാ സൗകര്യങ്ങളോ ഒരുക്കാൻ തയ്യാറായില്ല. നിലവിൽ ഹയർ സെക്കണ്ടറി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഫയർ സ്റ്റെയർ, ഫയർ ആൻറ് സേഫ്റ്റി, ലിഫ്റ്റ്, റാമ്പ് തുടങ്ങിയ സൗകര്യങ്ങൾ ഇതുവരെയും ഒരുക്കിയിട്ടില്ല. 

ഇതാണ് യഥാവിധിയുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടുന്നതിനും സമയ ബന്ധിതമായി തസ്തിക നിർണയ ഉത്തരവ് ലഭിക്കുന്നതിനും തടസ്സമായിട്ടുള്ളത്. എന്നാൽ തൻ്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചക്ക് മറ്റുള്ളവരെ പഴിചാരി നിരന്തരം കേസുകൾ ഫയൽ ചെയ്ത് പ്രശ്നം സങ്കീർണമാക്കാനാണ് മാനേജർ ശ്രമിച്ചിട്ടുള്ളത്.

    സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതും അധ്യാപക നിയമനം നടത്തേണ്ടതും നിയമി നാംഗീകാരം ലഭിച്ചവരുടെ സർവ്വീസ് വെരിഫിക്കേഷൻ, പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിക്കൽ, അർഹമായ സ്ഥാനക്കയറ്റം നൽകൽ എന്നതെല്ലാം മാനേജരുടെ അടിസ്ഥാനപരമായ കർത്തവ്യങ്ങളാണ്. എന്നാൽ തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാതെ പ്രിൻസിപ്പാളിനെയും ഡിപ്പാർട്മെൻ്റിനെയും ഗവൺമെൻ്റിനെയും പഴിചാരി രക്ഷപ്പെടാനാണ് മാനേജർ ശ്രമിക്കുന്നത്.

  ഹയർ സെക്കണ്ടറി വിഭാഗത്തിൽ ക്ലാസുകൾ തുടങ്ങി രണ്ടു മാസം പിന്നിട്ടിട്ടും അധ്യാപകരെ ലഭിക്കാതെ വന്നപ്പോഴാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും യോജിച്ച് പ്രക്ഷോഭത്തിന് ഇറങ്ങാൻ തീരുമാനിച്ചത്.എന്നാൽ ഒരു കുട്ടിയുടെ രക്ഷിതാവിനെ സ്വാധീനിച്ച് തെറ്റിദ്ധാരണ ഉളവാക്കുന്ന പ്രചാരണം നടത്തി സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടാക്കി അതിൻ്റെ ഉത്തരവാദിത്തം പ്രിൻസിപ്പാൾ ഇൻ ചാർജ്ജിൻ്റെ തലയിൽ കെട്ടി വെക്കാനുള്ള ഹീനമായ തന്ത്രത്തിൻ്റെ ഭാഗമാണ് പ്രിൻസിപ്പാൾ ഇൻചാർജ്ജിനു നേരെയുള്ള അതിക്രമം. ഇത് ഒരു ആസുത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് കാണേണ്ടിയിരിക്കുന്നു. 

പ്രിൻസിപ്പാൾ ഇൻ ചാർജ്ജിനെതിരായ അക്രമത്തിന് നേതൃത്വം നൽകിയത് എം കെ രഘുരാജ് എന്ന അധ്യാപകനാണ്. ഈ അധ്യാപകനെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പി.ജി സുധി എന്ന അധ്യാപകനെതിരെ വ്യാജ പോക്സോ കേസ് നൽകി ഗൂഢാലോചന നടത്തിയ കാര്യം ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. മാനേജരുടെ ചൊൽപ്പടിക്കു നിൽക്കാതെ നിയമാനുസൃതമായി കാര്യങ്ങൾ ചെയ്യുന്ന അധ്യാപകരെ ഇല്ലാതാക്കാനാണ് മാനേജർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

      സാധാരക്കാരായവരും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുമുൾപ്പെടെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്കൂളിൽ നിന്നും ഇലക്ട്രിസിറ്റി, വാട്ടർ ചാർജ്, ചോദ്യപേപ്പർ ചാർജ്ജ് എന്നീ ഇനങ്ങളിലായി ലക്ഷക്കണക്കിന് രൂപയാണ് കൊള്ളയടിക്കുന്നത്. ഇല്ലാത്ത ഇൻഷുറൻസിൻ്റെ പേരിലും ഇവിടെ കുട്ടികളിൽ നിന്നും 1000 രൂപ ഫീ ഈടാക്കിയിട്ടുണ്ട്. 

ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ അനധികൃത പണപ്പിരിവ് നടത്തുമ്പോൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അതിന് കൂട്ടുനിൽക്കാത്തതാണ് പ്രിൻസിപ്പാൾ ഇൻചാർജ്ജിനെതിരെ തിരിയാൻ മാനേജരെ പ്രേരിപ്പിച്ചിട്ടുള്ളത്. സീനിയോറിറ്റി മറികടന്ന് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ആയി നിയമിതനായ എം കെ രഘുരാജ് എന്ന അധ്യാപകനെ സുപ്രിം കോടതി ഉത്തരവിലൂടെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്തതാണ് പ്രിൻസിപ്പാൾ ഇൻചാർജ്ജിനെതിരെയും കേസിൽ പങ്കാളികളായ അധ്യാപകർക്കെതിരെയും ദ്രോഹ നടപടി സ്വീകരിക്കാൻ മാനേജരെയും എം.കെ രഘുരാജിനെയും പ്രേരിപ്പിക്കുന്നത്.
     സ്കൂളിൽ തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്ന സസ്പെൻഷനും പോക്സോ കേസുൾപ്പെടെയുള്ള കേസുകളും എല്ലാം തന്നെ സ്കൂളിൻ്റെ സൽപ്പേരിന് വലിയ കോട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മൂന്ന് വർഷത്തിനുള്ളിൽ 1600 ൽ അധികം കുട്ടികളുടെ കുറവുണ്ടായിട്ടുണ്ട് എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.

മേൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്തു കൊണ്ടു തന്നെ വിദ്യാർത്ഥികളെ കൊള്ളയടിക്കുകയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാ‌പകർക്കും ഒരുപോലെ കഷ്ടനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന താൽക്കാലികമാനേജർ പി.മുരളീധരനെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്തു കൊണ്ട് നിയമാനുസൃതമായ മാനേജ്മെൻ്റ് നിയമനം നടത്തിക്കുന്നതിനാവശ്യമായ സത്വര നടപടികൾ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും താൽക്കാലിക മാനേജരുടെ കൈയ്യിൽ നിന്നും സ്കൂളിനെ രക്ഷിച്ചെടുക്കണമെന്നുംസംയുക്ത അധ്യാപക സമിതി ആവശ്യപ്പെട്ടു. 

യോഗത്തിൽ കെ എസ് ടി എ  സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ എ കെ ബീന,കെ സി മഹേഷ് , കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രമേശൻ ,സംസ്ഥാന സെക്രട്ടറി എം കെ അരുണ,കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കെ സി സുധീർ , എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സുനിൽകുമാർ , കെ എസ് ടിഎ കണ്ണൂർ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ,കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ടി വി ഷാജി,എ കെ എസ് ടി യു ജില്ലാ സെക്രട്ടറി വി രാധാകൃഷ്ണൻ,കെപി എസ് ടി എ ജില്ലാ പ്രസിഡണ്ട് യു കെ ബാലചന്ദ്രൻ എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് ജീവാനന്ദ് എസ് എ തുടങ്ങിയവർ സംസാരിച്ചു.

Tags