ക്യാംപസുകളിലെ കരുത്തുറ്റ സംഘടനയായി കെ.എസ്.യു മാറിയെന്ന് കെ.സുധാകരൻ
കണ്ണൂര്‍: കേരളത്തിലെ ക്യാംപസുകളില്‍ കെ എസ് യു കരുത്തുറ്റ സംഘടനായി വളര്‍ന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കണ്ണൂരിലെ കൃഷ്ണ റിസോര്‍ട്ടില്‍ കെ എസ് യു കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ശില്പശാല ക്യാംപസ് ജോഡോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്‌സിറ്റികളിലും വിദ്യാലയങ്ങളിലും കെ എസ് യുവിന്റെ കൊടി പാറിപറക്കുകയാണ്. ഇതിന് ചുക്കാന്‍ പിടിക്കൂന്ന കെ എസ് യു സംസ്ഥാന ജില്ലാ ഭാരവാഹികളെ അഭിനന്ദിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം ഗുണ്ടാപ്പടയായ എസ് എഫ് ഐയുടെ അക്രമം കണ്ട് ഭയക്കുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ അവരുടെ ഏത് അക്രമത്തെയും നിര്‍ഭയം നേരിടാനുള്ള കരുത്ത് കെ എസ് യുവിനുണ്ട്.
എതിര്‍ക്കാന്‍ വരുന്നവരോട് നിന്ന് പൊരുതുന്ന കാഴ്ചയാണ് ക്യാംപസുകളില്‍ കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു. രാജ്യത്തെ ശക്തമായ നിലയിലേക്ക് എത്തിക്കുന്നതിന് വേണ്ടി മഹാത്മഗാന്ധി, നെഹ്‌റു, തുടങ്ങി ദേശീയ നേതാക്കള്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്. രാജ്യത്ത് പുരോഗതി ഉണ്ടാക്കുന്നതിന് വേണ്ടി ഓരോ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ ആ നേട്ടങ്ങള്‍ ഇല്ലാതാക്കാനുള്ള തീവ്രശ്രമമാണ് ബി ജെപി നടത്തി കൊണ്ടിരിക്കുന്നത്. കാര്‍ഷിക മേഖലയിലും പൊതു മേഖലയെയും ഇല്ലാതാക്കാനുള്ള നീക്കമാണ് മോദിയുടെ നേതൃത്വത്തിലുള്ള ബി ജെപി സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
അവരുടെ മേല്‍ക്കോയ്മ ഇല്ലാതാക്കാന്‍ കെ എസ് യു ഉള്‍പ്പെടെയുള്ളവര്‍ കരുത്താര്‍ജ്ജിക്കണമെന്നും. ഇതിനായി ക്യാംപസുകളിലൂടെ വളര്‍ന്ന് വരേണ്ടത് അത്യാവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു. ചടങ്ങില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അധ്യക്ഷതവഹിച്ചു. നേതാക്കളായ റിജില്‍മാക്കുറ്റി, പി മുഹമ്മദ് ഷമ്മാസ്, വി പി അബ്ദുള്‍ റഷീദ്, തുടങ്ങിയവര്‍ സംസാരിച്ചു.