ഹിന്ദുത്വം രാജ്യം ഭരിക്കുന്നത് കോർപറേറ്ററുകളുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ: സച്ചിദാനന്ദൻ
കണ്ണൂർ: ഹിന്ദുത്വം ഒറ്റയ്ക്കല്ല നമ്മെ ഭരിക്കുന്നതെന്ന് കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ സച്ചിദാനന്ദൻ പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോർപറേറ്റ്, മാധ്യമ കൂട്ടുകെട്ടിലാണ് അവർ രാജ്യത്തിൻ്റെ അധികാരത്തിൽ കഴിയുന്നത്.
താൽക്കാലികമായി തിരിച്ചടി നേരിട്ടുവെങ്കിലും അതു ശക്തമായി തിരിച്ചു വന്നേക്കാം. ഇതിനെതിരെയുള്ള പുരോഗമന നിരതന്നെ മുൻപോട്ടു വരണമെന്നും സച്ചിദാനന്ദൻ പറഞ്ഞു. റെഡിമെയ്ഡുകളായി നമുക്ക് തരുന്ന സത്യങ്ങളെ ചോദ്യം ചെയ്യണമെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമായി പുരോഗമന കലാ സാഹിത്യം മാറണമെന്നും സച്ചിദാനന്ദൻ പറഞ്ഞു. സംവിധായകൻ ഷാജി എൻ. കരുൺ ചടങ്ങിൽ അധ്യക്ഷനായി. കഥാകൃത്ത് ടി.പത്മനാഭൻ, എം.മുകുന്ദൻ,ആതവൻ ഭീക്ഷണ്യ, പി. അപ്പുക്കുട്ടൻ, എം.സ്വരാജ്, ടി.ഡി.രാമകൃഷ്ണൻ അശോകൻ ചെരുവിൽ, കരിവെള്ളൂർ മുരളിതുടങ്ങിയവർ പങ്കെടുത്തു.
കലാ സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനദാനം പത്മനാഭൻ നിർവഹിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ സംഘടനാ സെക്രട്ടറി എം.കെ മനോഹരൻ പ്രവർത്തനറിപ്പോർട്ടും ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ നയരേഖാ റിപ്പോർട്ടും അവതരിപ്പിച്ചു. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി. കെ.വി സുമേഷ് എം.എൽ എ സ്വാഗതവും നാരായണൻകാവുമ്പായി നന്ദിയും പറഞ്ഞു.