ദേശീയ പാർട്ടികളെക്കാൾ പ്രാധാന്യം പ്രാദേശിക പാർട്ടികൾക്കാണ്; ജോസ് കെ മാണി

jose k mani
jose k mani

തളിപ്പറമ്പ: ദേശീയ പാർട്ടികളെക്കാൾ പ്രാധാന്യം പ്രാദേശിക പാർട്ടികൾക്കാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ബി.ജെ.പിയെ താഴെ ഇറക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും  ഓരോ സംസ്ഥാനങ്ങളിലെയും താൽപര്യം സംരക്ഷിക്കുന്ന പ്രാദേശിക പാർട്ടികളാണ് നമുക്ക് ആവശ്യമെന്നും ജോസ് കെ മാണി പറഞ്ഞു. തളിപ്പറമ്പിൽ കേരള കോൺഗ്രസ് എം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വയനാട് ഉൾപ്പെടെ ഉണ്ടായ പ്രകൃതി ദുരന്തങ്ങൾക്ക് കാരണം കർഷകർ നടത്തിയ പ്രകൃതി ചൂഷണമാണെന്ന് ചില പ്രകൃതി സ്നേഹികൾ പ്രചരിപ്പിക്കുകയാണ്. ഇവർ കർഷകർക്കെതിരെ കാംപയിൻ തന്നെ നടത്തുകയാണ്. എന്നാൽ കർഷകരാണ് ഏറ്റവും വലിയ പ്രകൃതി സംരക്ഷകരെന്ന് നമ്മൾ മനസിലാക്കണം. വനാവരണം ആണ് പ്രകൃതി നിലനിൽക്കാൻ ആവശ്യമായി വേണ്ടത്. ദേശീയ വനാവരണ ശരാശരി 26 ശതമാനം ആണ്. വരുന്ന അഞ്ച് വർഷം കൊണ്ട് അത് 33 ശതമാനമാക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. 

jose k mani tpb

എന്നാൽ കേരളത്തിൻ്റെ വനാവരണ ശരാശരി 54 ശതമാനമാണ് എന്നത് കർഷകർ അത്ര മാത്രം പ്രകൃതിയെ സംരക്ഷിക്കുന്നു എന്നതിൻ്റെ തെളിവാണ്. ബി.ജെ.പിയെ താഴെ ഇറക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ വീണ്ടും അധികാരത്തിൽ വന്നെങ്കിലും ഒരു പരിധി വരെ അവരുടെ തേരോട്ടം തടയാനായത് പ്രാദേശിക പാർട്ടികളുടെ ശക്തിയാണ്. 

ഓരോ സംസ്ഥാനങ്ങളിലെയും താൽപര്യം സംരക്ഷിക്കുന്ന പ്രാദേശിക പാർട്ടികളാണ് നമുക്ക് ആവശ്യം. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയാൽ വനം വകുപ്പിനെ വിളിച്ചിട്ട് കാര്യമില്ല. അവർക്ക് മൃഗങ്ങളെ സംരക്ഷിക്കാനാണ് നിർദ്ദേശമുള്ളത്. വന്യ ജീവി സംരക്ഷണ നിയമം പരിഷ്ക്കരിച്ച് നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ പൊലിസിന് നിയമപരമായ ഉത്തരവാദിത്തം നൽകണമെന്നും ജോസ് കെ മാണി എം.പി പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കെ.ടി സുരേഷ് കുമാർ, മുഹമ്മദ് ഇഖ്ബാൽ, ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനമറ്റം, ജോസ് ചെമ്പേരി തുടങ്ങിയവർ സംസാരിച്ചു.

Tags