ജോബിഷിൻ്റെ ദുരുഹ മരണം: കൊലപാതകമാണെന്ന് ബന്ധുക്കൾ
കണ്ണൂർ: വളപട്ടണം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയയുവാവിൻ്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തി. കഴിഞ്ഞ ഒക്ടോബർ 19 ന് കാണാതായ ചന്ദനക്കാം പാറയിലെ ജോബിഷ് ജോർജിൻ്റെ മരണത്തിൽ ദുരുഹത ആരോപിച്ചാണ് പിതാവ് ജോർജ് വർഗീസ് ബന്ധുക്കളായ ജോസ്, മോളി വിൽസൺ, ഡോളി എന്നിവർ വാർത്താ സമ്മേളനത്തിൽ രംഗത്തുവന്നത്.
കഴിഞ്ഞ ഒക്ടോബർ 19 ന് വായ്പയെടുത്തബാങ്കിൻ്റെ ഏജൻ്റിനെ കാണാനെന്ന് പറഞ്ഞ് നാട്ടിൽ നിന്നും കണ്ണൂരിലെത്തിയ ജോബിഷിൻ്റെ മൃതദേഹമാണ് വളപട്ടണം പുഴയിൽ കണ്ടെത്തിയത്. '19 ന് കാണാതായ ജോബിഷ് 21 വരെ കണ്ണൂരിൽ തന്നെയുള്ളതായി മൊബൈർ ടവർ ലൊക്കേഷനിൽ വ്യക്തമായിട്ടുണ്ട്. ഈ കാര്യത്തിൽ പയ്യാവൂർപൊലിസ് വേണ്ടത്ര അന്വേഷണം നടത്തിയില്ല.
ജോബിഷ് സഞ്ചരിച്ച ബൈക്ക് കണ്ടെത്തിയിട്ടില്ല. സാമ്പത്തിക ബാധ്യതയില്ലാത്ത ജോബിഷ് ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് പറയുന്നുണ്ടെങ്കിലും വെള്ളത്തിൻ്റെ അംശം ആന്തരിക അവയവങ്ങളിൽ ഇല്ലെന്ന് കുടുംബം ആരോപിച്ചു. ജോബിഷിനെ ആരോ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി കുടുംബം കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജോബിഷിൻ്റെ മരണത്തെ കുറിച്ചു സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.