രാത്രിയില്‍ വീട്ടില്‍ നിന്നു കാണാതായ പതിനേഴു വയസുകാരി ജീപ്പിടിച്ചു മരിച്ചു

accident

കരിവെള്ളൂർ :രാത്രിയില്‍ വീട്ടില്‍ നിന്നും  കാണാതായ പെണ്‍കുട്ടി ജീപ്പിടിച്ചു അതിദാരുണമായി മരിച്ചു. കൊടക്കാട്, വെള്ളച്ചാല്‍, ശാന്തിനിലയത്തില്‍ സുരേഷ്-ചിത്ര ദമ്പതികളുടെ  മകളായ ആദിയ സുരേഷാ(17) ണ് മരണമടഞ്ഞത്.

ഇന്നലെ രാത്രി പാലക്കുന്ന് ദേശീയ പാതയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 
വിവരമറിഞ്ഞ് ബന്ധുക്കളെത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അര്‍ദ്ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

മൊബൈല്‍ ഫോണില്‍ അമിതമായി സമയം ചെലവഴിക്കുന്നത് സംബന്ധിച്ച് പെണ്‍കുട്ടിയെ മാതാവ് ഗുണദോഷിച്ചിരുന്നതായി പറയുന്നു. ഇതിനു പിന്നാലെ ഇന്നലെ രാത്രി എട്ടരമണിയോടെ പെണ്‍കുട്ടി  വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതായി സംശയിക്കുന്നു. 
പിന്നീട് പാലക്കുന്ന് ദേശീയപാതയിലെത്തിയ പെണ്‍കുട്ടിക്കു ജീപ്പിടിച്ചാണ് അപകടം ഉണ്ടായത്. വീട്ടുകാരും ബന്ധുക്കളും ആദിയയെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നതിനിടയിലാണ് ജീപ്പിടിച്ച വിവരം അറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച പൊലീസ് ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags