ഇരിക്കൂർ അഗ്രിഫെസ്റ്റ് 14 ന് തുടക്കമാകും

agrifest
agrifest

ഇരിക്കൂർ : നിയോജകമണ്ഡലത്തിന്റെ കാർഷിക മേഖലയുടെ സമഗ്ര വികസനം മുൻനിർത്തിക്കൊണ്ട് ജനുവരി 14 ,15 ,16 തീയ്യതികളിൽ 'അഗ്രി ഫെസ്റ്റ് -2025 എന്ന പേരിൽ  കാർഷിക സംഗമം നടത്തുമെന്ന് അഡ്വ. സജീവ് ജോസഫ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനമെമ്പാടുമുള്ള കർഷകരും, കാർഷിക മേഖലയും വളരെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഒരു കാലഘട്ടമാണിത്. കണ്ണൂർ  ജില്ലയുടെ മലയോര മേഖലയായ ഇരിക്കൂറിലെ കർഷകരുടെയും സ്ഥിതിയാകട്ടെ അതീവ ഗുരുതരവുമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാർഷിക മേഖലയിൽ നിലനിന്നിരുന്നു പോകുന്ന മുരടിപ്പുകൊണ്ട് തന്നെ കൃഷിയെ പ്രധാന വരുമാന മാർഗമായി ആശ്രയിച്ച് ജീവിക്കുന്ന കർഷകരുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്.

ഒരു ഭാഗത്ത് കാലാവസ്ഥ വ്യതിയാനം, ഉത്പാദനോപാധികളുടെ വില വർദ്ധനവ്, വന്യ മൃഗ ശല്യം, കർഷക തൊഴിലാളികളുടെ ദൗർലഭ്യം, വർദ്ധിച്ച കൂലി, വിവിധ കീടബാധകൾ, എന്നിവ മൂലം  കാർഷിക മേഖലയ്ക്ക് മൊത്തത്തിൽ മെല്ലെ പോക്ക് തുടരേണ്ടിവരുന്നു. എന്നാൽ മറുവശം പരിശോധിക്കുമ്പോൾ  ദുരിതവും കഷ്ടപ്പാടുകളും സഹിച്ച് പ്രതിസന്ധികളെ അതിജീവിച്ച് കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാതിരിക്കുകയും കൂടിയാകുമ്പോൾ ഇരിക്കൂർ നിയോജകമണ്ഡലത്തിൽ കൃഷി ഉപജീവനമാർഗമാക്കി ജീവിക്കുന്ന ഒരുപാട് കർഷകർക്ക് തങ്ങളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് അവർ കടന്നു പോകുന്നത്. കാർഷിക മേഖലയെ സമഗ്രമായും വിദഗ്ധമായും പുനഃരുജ്ജീവിപ്പിച്ചാൽ മാത്രമേ ഇത്തരം പ്രതിസന്ധികളിൽ നിന്നും നമുക്ക് കരകയറാനാകൂവെന്ന തിരിച്ചറിവിൽ നിന്നുമാണ് 'അഗ്രി ഫെസ്റ്റ്' എന്ന ആശയത്തിലേക്ക്  എത്തിച്ചേരുന്നത്. കാർഷിക മേഖലയെ പുനഃരുജ്ജീവിപ്പിച്ചാൽ മാത്രമേ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകൂ എന്നതിനാൽ തന്നെ നമ്മുടെ കർഷകർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്ലേശങ്ങൾക്ക് ശാസ്ത്രീയ പരിഹാരങ്ങൾ നിർദ്ദേശിക്കപ്പെടുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിൻറെ സുപ്രധാനമായ ഒരു ആവശ്യമാണ്. അതിനുള്ള എളിയപരിശ്രമമാണ് അഗ്രി ഫെസ്റ്റെന്ന് എം.എൽ.എ അറിയിച്ചു.

നിയോജകമണ്ഡലത്തിൽ ജനുവരി 14, 15 ,16 തീയതികളിൽ 'അഗ്രി ഫെസ്റ്റ് -2025' എന്ന പേരിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കർഷക സംഗമാണ് നടത്തുന്നത്. സംഗമത്തിന്റെ ഭാഗമായി മണ്ഡലത്തിലെ ഒൻപത് തദ്ദേശസ്ഥാപന പരിധിയിലെ അഞ്ചു വീതം പ്രാതിനിധ്യ സ്വഭാവമുള്ള കർഷകരെ കണ്ടെത്തി, അവരുടെ കൃഷിയിടങ്ങളിൽ കേരള കാർഷിക സർവകലാശാല, കൃഷി- മൃഗ സംരക്ഷണ- മണ്ണ് സംരക്ഷണ- ക്ഷീരവികസന വകുപ്പുകളിലെ വിദഗ്ധർ വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ഉന്നത തല സംഘം സന്ദർശനം നടത്തി.

അഗ്രി ഫെസ്റ്റ് 2025' ന്റെ ഭാഗമായി ജനുവരി 14,15 തീയതികളിൽ  റബ്ബർ,നാളികേരം,കവുങ്ങ്,കശുമാവ്,നേന്ത്രവാഴ, കിഴങ്ങ് വിളകൾ തുടങ്ങിയവയുടെ പരിപാലന തന്ത്രങ്ങളെ പറ്റിയും അനുബന്ധ വിഷയങ്ങളായ ജൈവകൃഷി,കാർഷിക വിപണനം, കയറ്റുമതി സാധ്യതകൾ, പങ്കാളിത്ത കാർഷിക സംരംഭകത്വം എന്നീ വിഷയങ്ങളിലായി കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന വിവിധ കാർഷിക ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഓരോ സെമിനാറുകളിലും 300 കർഷകർ വീതം  പങ്കെടുക്കും. കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ കൃഷി കൂട്ടായ്മകൾ ,FPO, കാർഷിക സംരംഭകർ എന്നിവരുടെ സഹകരണത്തോടെ 50 ലധികം സ്റ്റാളുകൾ ഉൾപ്പെടുത്തി കൃഷി കാർഷിക അനുബന്ധ മേഖലകളെ അടിസ്ഥാനമാക്കി ജനുവരി 14 മുതൽ സ്റ്റാളുകളും സംഘടിപ്പിച്ചിട്ടുണ്ട്.

 ജനുവരി 14ന് എക്സിബിഷനുകളുടെ ഉദ്ഘാടനം   പി സന്തോഷ് കുമാർ എം.പി നിർവഹിക്കും.അഗ്രി ഫെസ്റ്റ്  15ന്   പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ ഉദ്ഘാനം ചെയ്യും. കല്ല്യാശേരി എം എൽ എ എം.വിജിൻ മുഖ്യാതിഥിയാകും.  

വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം എൻ പ്രദീപൻ, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ വിഷ്ണു s നായർ, സബ് കമ്മിറ്റി ചെയർമാൻമാരായ തോമസ് വെക്കത്താനം, സാജൻ കെ.ജോസഫ്,  വി.എ റഹീം എന്നിവർ പങ്കെടുത്തു.

Tags