ഇരിട്ടി നേരംപോക്ക് റോഡിൽ ഹൈടെൻഷൻ ലൈനിൽ മരം പൊട്ടി വീണ് മുടങ്ങിയ ഗതാഗതം പുന:സ്ഥാപിച്ചു
ഇരിട്ടി : ഇരിട്ടി നഗരസഭയിലെ നേരംപോക്ക് റോഡിൽ ഹൈടെൻഷൻ വൈദ്യുതിലൈനിലേക്ക് മരം പൊട്ടി വീണ് മണിക്കൂറുകളോളം ഗതാഗതവും മേഖലയിൽ വൈദ്യുതിവിതരണവും തടസ്സപ്പെട്ടത് പുന:സ്ഥാപിച്ചു. ഇരിട്ടി കോ ഓപ്പറേറ്റീവ് ബാങ്ക് ഹെഡ് ഓഫീസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്കിന്റെ മുകൾഭാഗമാണ് ലൈനിലേക്ക് പൊട്ടിവീണത്.
ഇരിട്ടി അഗ്നിരക്ഷാസേന ഏറെനേരം പരിശ്രമിച്ചാണ്. വൈദ്യുതിലൈനിൽ തൂങ്ങിക്കിടന്ന മരത്തടി ഇവിടെനിന്നും മാറ്റി ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിച്ചത്. തിങ്കളാഴ്ച മൂന്നുമണിയോടെ ആരംഭിച്ച ശക്തമായ മഴയോടൊപ്പമുണ്ടായ കാറ്റിലാണ് കൂറ്റൻ തേക്ക് മരത്തിന്റെ മുകൾഭാഗം പൊട്ടി വൈദ്യുതിലൈനിലേക്ക് വീഴുന്നത്.
വൈദ്യുതിലൈനിൽ മരത്തടി തൂങ്ങിക്കിടന്നതോടെ വീതികുറഞ്ഞ റോഡിൽ വാഹനഗതാഗതത്തിന് തടസ്സം നേരിട്ടു. ഇരിട്ടി അഗ്നിരക്ഷാനിലയത്തിന് സമീപം തന്നെ ആയിരുന്നതിനാൽ ഇവിടെനിന്നും ജീവനക്കാരും വൈദ്യുതിവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. അഗ്നിരക്ഷാസേന പൊട്ടിവീണ മരത്തിന്റെ മരച്ചില്ലകൾ പാതിയിലേറെ വെട്ടിമാറ്റിയെങ്കിലും ലൈനിൽ ഉടക്കി തൂങ്ങിക്കിടന്ന മരത്തടി ഇവിടെനിന്നും മാറ്റാൻ ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും സാധ്യമായില്ല. മരം മാറ്റുന്നതിൽ തടസ്സം നിന്നത് റോഡിൽ നിർത്തിയിട്ട രണ്ട് കാറുകളായിരുന്നു.
വാഹനത്തിന്റെ മുകളിൽ ഫോൺ നമ്പർ ഇല്ലാത്തതുമൂലം വാഹനം ആരുടേതെന്നറിയാനുള്ള ശ്രമം പരാജയപ്പെട്ടു. ഒടുവിൽ അഗ്നിരക്ഷാസേനാംഗങ്ങൾ സ്കെയിൽ ഉപയോഗിച്ച് ഡോർ തുറക്കാൻ ശ്രമം നടത്തിയെങ്കിലും ഒരു കാറിന്റെ ഡോർ തുറക്കാനായതോടെ ഇത് ഇവിടെനിന്നും തള്ളിമാറ്റി.
എന്നാൽ, രണ്ടാമത്തെ കാർ ഇവിടെനിന്നും നീക്കാനായില്ല. അഗ്നിരക്ഷാനിലയത്തിൽനിന്നും കൊണ്ടുവന്ന വാട്ടർ ടെൻടിന്റെ മുകളിൽ കയറി മരത്തടിയിൽ കയർ കെട്ടി താഴെ ഇറക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ മറ്റൊരു കാറിന്റെ ഉടമയെത്തി കാർ ഇവിടെനിന്നും മാറ്റിയ ശേഷമാണ് മരത്തടി ലൈനിൽ നിന്നും മാറ്റാനായത്.അപകടം കാരണം മണിക്കൂറുകൾ ഇതുവഴി മുള്ള വാഹനഗതാഗതം മുടങ്ങിയിരുന്നു.