സീഡ് സൊസൈറ്റി തട്ടിപ്പില്‍ സമഗ്രാന്വേഷണം വേണം : കെ.കെ. വിനോദ് കുമാര്‍

CPM should ask Divya to resign from Zilla Panchayat membership: BJP District President KK Vinod Kumar
CPM should ask Divya to resign from Zilla Panchayat membership: BJP District President KK Vinod Kumar

കണ്ണൂര്‍ : പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും തയ്യല്‍ മെഷിനും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് സൊസൈറ്റിയുടെ പേരില്‍ സാധാരണക്കാരുടെ കോടികള്‍ തട്ടിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയില്‍ മാത്രം ആയിരത്തോളം പേര്‍ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. കൃത്യമായി ആസൂത്രണം ചെയതാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. പലപ്രദേശങ്ങളിലും ഭരണപക്ഷത്തെ ജനപ്രതിനിധികള്‍ തട്ടിപ്പില്‍ പങ്കാളികളായിട്ടുണ്ട്. അഴീക്കോട് പഞ്ചായത്തില്‍ വ്യാജ ഏജന്‍സിയുടെ പേരില്‍ 200 ഓളം പേരില്‍ നിന്ന് പണം വാങ്ങിയത് വാര്‍ഡ് മെമ്പറും അവരുടെ ആശ്രിതരുമാണ്.

പലയിടങ്ങളിലും വാര്‍ഡ് മെമ്പര്‍മാരെ മുന്‍നിര്‍ത്തി യാണ് ചൂഷണം നടത്തിയത്. രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തിലും ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി. സിഎസ്ആര്‍ ഫണ്ട് ലഭിക്കുന്നതിന് വ്യാപകമായി എന്‍ജിഒകള്‍ രൂപീകരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. വലിയ ഗൂഡാലോചന ഇതിന്റെ പിന്നിലുണ്ട്.

ചില പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസ്സെടുക്കാന്‍ മടികാണിക്കുകയാണ്. പോലീസ് നിലപാട് തിരുത്തിയില്ലെങ്കില്‍ പൊതു ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരവുമായി ബിജെപി മുന്നോട്ട് വരും. സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരി ലെത്തിക്കേണ്ട ജനപ്രതിനിധികള്‍ തന്നെ തട്ടിപ്പിന് കൂട്ടു നിന്നുവെന്നത് സര്‍ക്കാരിന്റെ ഭരണ പരാജയത്തിന് തെളിവാണ്. ആര്‍ക്കും ആരെയും പറ്റിക്കാമെന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.

പണം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇവരില്‍ നിന്നെല്ലാം പല പേരില്‍ കോടികളാണ് കൈക്കലാക്കിയിരിക്കുന്നത്. ശക്തമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതോടൊപ്പം ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണമെന്നും വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.

Tags