കണ്ണൂർ മാർക്കറ്റിൽ എ.ഡി.എമ്മിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന
കണ്ണൂർ: ഓണം ഭക്ഷ്യസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കണ്ണൂർ മാർക്കറ്റിൽ എഡിഎമ്മിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും മറ്റും കടകളിൽ അമിത വില ഈടാക്കുന്നുണ്ടോയെന്നും തൂക്കത്തിൽ വ്യത്യാസം ഉണ്ടോയെന്നറിയാൻ അളവ് തൂക്ക ഉപകരണങ്ങളും മറ്റുമാണ് പരിശോധിച്ചത്.
എഡിഎം സുധീർ ബാബുവിന്റെ നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫീസർ ജോർജ് കെ. സാമുവേൽ, ലീഗൽ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണർ കൃഷ്ണൻ, ഫുഡ് സേഫ്റ്റി അസി.കമ്മീഷണർ മുസ്തഫ കെ പി, താലൂക്ക് സപ്ലൈ ഓഫീസർ എം സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച്ച രാവിലെ മുതൽ പരിശോധന നടത്തിയത്. വില നിലവാരവും സാധനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കുന്നുണ്ട്.
എല്ലാ കടകളിലും വില നിലവാര ബോർഡുകൾ തൂക്കിയിട്ടുണ്ടോയെന്നും പരിശോധിക്കും. ഇന്ന് രാവിലെ പത്തോടെയാണ് പരിശോധന ആരംഭിച്ചത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും താലുക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി വരുന്നുണ്ട്.