പയ്യന്നൂരിൽ കുഞ്ഞിൻ്റെ കാലിൽ കുത്തിവയ്പ്പ് സൂചി കഷ്ണം : അന്വേഷണം നടത്താൻ നാലംഗ സംഘത്തെ നിയോഗിച്ചു

Injection needle fragment in baby's leg in Payyannur: Four-member team appointed to investigate
Injection needle fragment in baby's leg in Payyannur: Four-member team appointed to investigate

 പയ്യന്നൂർ : പയ്യന്നൂരിൽ 25 ദിവസം മാത്രം പ്രായമുളള കുഞ്ഞിന്‍റെ കാലിൽ തറച്ചുകയറിയ നിലയിൽ സൂചിക്കഷ്ണം കണ്ടെത്തി. കാലിന്‍റെ തുട ഭാഗത്താണ് സൂചി കണ്ടെത്തിയത്.

തുടയിൽ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നൽകി.

 ജനിച്ച് രണ്ടാം ദിവസം നൽകിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങൾ തുടങ്ങിയതെന്നും രണ്ട് തവണ പരിയാരം മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതെന്നും കുഞ്ഞിന്‍റെ അച്ഛനായ ശ്രീജു പറഞ്ഞു.

ഭാര്യയെ 22ന് പ്രസവത്തിന് വേണ്ടി പ്രവേശിപ്പിച്ചത്. 24ന് പ്രസവിച്ചു. പിറ്റേ ദിവസം രണ്ട് വാക്സിൻ എടുത്തശേഷം ഡിസ്ചാര്‍ജ് ചെയ്തു. കുരുപോലെ വന്ന് പഴുക്കാൻ തുടങ്ങി. അപ്പോള്‍ കാണിച്ചപ്പോള്‍ മരുന്ന് തന്ന് വിടുകയായിരുന്നു. പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി.

പിന്നീട് സ്വകാര്യ ആശുപത്രിിയലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങികൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു.

കൈയ്ക്കും കാലിനുമാണ് വാക്സിനെടുത്തതെന്നും അവര്‍ പറഞ്ഞിരുന്നുവെന്നും ശ്രീജു പറഞ്ഞു. അതേസമയം, നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നുമാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Tags