ഇനി കളിച്ചു പഠിക്കാം; മുഖ്യമന്ത്രിയുടെ നാട്ടിലെ സ്കൂളിൽ ഇൻഡോർ സ്റ്റേഡിയമൊരുങ്ങി
കണ്ണൂർ: വിദ്യാർത്ഥികളുടെ കായികശേഷിയെ വളർത്തുന്നതിനായി മുഖ്യമന്ത്രിയുടെ നാട്ടിൽ ഇൻഡോർ സ്റ്റേഡിയം ഒരുങ്ങുന്നു. പിണറായി എ.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലാണ് അത്യാധൂനിക സൗകര്യങ്ങളുള്ള ഇൻഡോർ സ്റ്റേഡിയം ഒരുങ്ങുന്നത്. സ്കൂളിൽ നിർമ്മിച്ച പുതിയ ഹയർ സെക്കൻഡറി ബ്ളോക്കിൻ്റെ ഭാഗമായാണ് കുട്ടികൾക്ക് കളിച്ചു പഠിക്കാനായി ഇൻഡോർ സ്റ്റേഡിയം ഒരുക്കിയത്.
ഷട്ടിൽ, കബഡി, ഗുസ്തി വോളിബോൾ, ബോൾ ബാഡ്മിൻ്റൺ തുടങ്ങിയ കായിക ഇനങ്ങളിൽ ഒരേ സമയം വിവിധ ടീമുകൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകാനുള്ള സൗകര്യം ഇവിടെയുണ്ട്. ഇതിനായി വിദഗദ്ധപരിശീലകരുടെ സേവനവും ഉറപ്പാക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഒക്ടോബർ 20ന് വൈകിട്ട് മൂന്ന് മണിക്ക് ഇൻഡോർ സ്റ്റേഡിയവും ഹയർ സെക്കൻഡറി ബ്ളോക്കും മണ്ഡലം എം.എൽ എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടി വിജയിപ്പിക്കുന്നതിനായി പിണറായി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതിയോഗവും വിളിച്ചു ചേർത്തു.
ജില്ലാപഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് സ്കൂൾ ബ്ളോക്കിനോടനുബന്ധിച്ച് ഒരു ഇൻഡോർ സ്റ്റേഡിയം കൂടി നിർമ്മിക്കുന്നത്. ഇനി മഴക്കാലത്തും ഗ്രൗണ്ടിൽ ചെളി പുരളാതെ കുട്ടികൾക്ക് ഇവിടെ കളിച്ചു പഠിക്കാം.
മൂവായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് പിണറായിയിലേത്. അതിവിശാലമായ സ്കൂൾ മൈതാനവും സ്വിമ്മിങ് പൂളും ഇവിടെയുണ്ട്. പഠനത്തിലും പാഠ്യേതരപ്രവവർത്തനങ്ങളിലും ഏറെ മുൻപിലാണ് പിണറായി ഗവ. ഹയർ സെക്കൻഡി സ്കൂൾ ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ.ജി യുടെ നാമധേയത്തിലാണ് സ്കൂൾ അറിയപ്പെടുന്നത്.